മൊജ്തബ ഖമേനിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 83 കോടി പ്രഖ്യാപിച്ച് അമേരിക്ക

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 83 കോടിയിലധികം രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ് ഈ പരസ്യ അഭ്യർത്ഥന നടത്തിയത്. അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനായ മൊജതബ ഖമേനി ഉൾപ്പെടെയുള്ളവരെ ‘ഭീകര നേതാക്കൾ’ എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.

വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ വരെയുള്ള പ്രതിഫലത്തിന് പുറമെ, ആവശ്യമായി വന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മാറുന്നതിനുള്ള പുനരധിവാസ സഹായത്തിനും അർഹതയുണ്ടായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വിവിധ വിഭാഗങ്ങളെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഈ വ്യക്തികളാണെന്ന് യുഎസ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു.

മൊജതബ ഖമേനിയെ കൂടാതെ മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും അമേരിക്ക വിവരങ്ങൾ തേടുന്നുണ്ട്. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, മേജർ ജനറൽ യഹ്യ റഹീം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മൊമേനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരാണ് ഈ പട്ടികയിലുള്ള പ്രമുഖർ.