കവടിയാർ കൊട്ടാരത്തിലെ സ്വർണം കട്ടത് ആരപ്പാ ..

തിരുവിതാംകൂറിലെ മുൻ രാജകുടുംബാംഗങ്ങൾ താമസിക്കുന്ന കവടിയാർ കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കാണാതായി.

കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമാണ് നഷ്ടമായത്.

2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം മനസ്സിലായതെന്ന് പരാതിയിൽ പറയുന്നു. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവത്രെ.

കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.എന്നാൽ പരാതി സംഭവിച്ച് പരസ്യ പ്രതികരണത്തിന് കുടുംബം തയ്യാറായിട്ടില്ല.

മോഷണം പോയ വസ്തുക്കൾ ഇവയാണ് :

1). ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ.

2). പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ.

3). കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം – 2 പവൻ.

4). വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ – 4 പവൻ.

5). വീതി കുറഞ്ഞ 2 സ്വർണ പിരിവള – 3 പവൻ.

6). കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും.

7). പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും – 2.5 പവൻ.

8). സ്വർണ്ണ കുഴി മിന്നു മാല -5 പവൻ .

9). എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും.

9). സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും -2 പവൻ.

10). റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 ഒഴുക്കൻ വള – 6 പവൻ.

11). നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും – 1 പവൻ.

12). ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ.