മുൻ കോൺഗ്രസ് നേതാവ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ; വെളുക്കാൻ തേച്ചത് പാണ്ടാവുമോ ?

മുൻ കോൺഗ്രസ് നേതാവും എംഎൽഎ എയുമായിരുന്ന വി.ഗോപിനാഥിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാൻ തീരുമാനമായി. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേൽക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.

നിയമനത്തിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫോണിൽ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ എന്തും ചെയ്യാൻ തയ്യാറാണെന്നും എവി ഗോപിനാഥ് പറഞ്ഞു. താൻ ഗുരുവായൂരപ്പന്‍റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പമാണെന്നും എവി ഗോപിനാഥ് പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയർമാനായിരുന്ന ഡോ.വി.കെ. വിജയൻ സ്‌ഥാനമൊഴിഞ്ഞിരുന്നു. പെരിങ്ങോട്ടു കുറുശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ.വി.ഗോപിനാഥിനെ, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ സ്‌ഥാനത്തേക്ക് സിപിഎം പ്രഖ്യാപിച്ചത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഗുരുവായൂര്‍ ഭക്തനാണ് താനെന്നും അവസരം വന്നാൽ അത് ഭാഗ്യമായി കരുതുമെന്നും നേരത്തെ എവി ഗോപിനാഥ് പ്രതികരിച്ചിരുന്നു. പാലക്കാട്ടെ സിപിഎം പ്രാദേശിക നേതൃത്വവുമായുള്ള എവി ഗോപിനാഥിന്‍റെ തര്‍ക്കം തുടരുന്നതിനിടെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും തന്നെ തോൽപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ ചില നേതാക്കളാണെന്ന് എവി ഗോപിനാഥ് തുറന്നടിച്ചിരുന്നു.

പെരിങ്ങോട്ടുകുറിശിയിൽ സ്വതന്ത്ര ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി എൽ‍ഡിഎഫുമായി സഖ്യം ചേര്‍ന്നാണ് എവി ഗോപിനാഥ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ബെമ്മണ്ണിയൂരിൽ മത്സരിച്ച എവി ഗോപിനാഥ് 134 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥനിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാക്കാൻ തീരുമാനിച്ചതിൽ പാലക്കാട്ടെ സിപിഎം നേതാക്കളിൽ അതൃപ്തി പുകയുന്നുണ്ട്.ഇന്നലെ വരെ സിപിഎമ്മിന്റെ ശത്രുവായിരുന്ന ഒരാളെ പെട്ടെന്ന് സ്ഥാനം നൽകിയത് ശരിയായില്ലെന്ന് മുറുമുറുപ്പുണ്ട് .