യുദ്ധം അവസാനിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രൂപയ്ക്ക് നേട്ടം ;എണ്ണ വില വില ബാരലിന് നൂറ് ഡോളറില്‍ താഴെ

ഇറാനെതിരെയുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചുകയറി രൂപ. ഇന്ന് രാവിലെ ഡോളറിനെതിരെ 40 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 92ല്‍ താഴെയെത്തി. 91.93ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 92.35 ലാണ് രൂപ ക്ലോസ് ചെയ്തത്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരത്തിനിടെ ക്രൂഡ് വില 110 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയുമെന്ന പ്രതീക്ഷയാണ് രൂപയില്‍ പ്രതിഫലിച്ചത്. എങ്കിലും പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.


അതിനിടെ കഴിഞ്ഞ രണ്ടുദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും തിരിച്ചുവന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് കുതിച്ചത്. എണ്ണവിലയിലെ ഇടിവ് അടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിക്ക് തുണയായത്. ശ്രീറാം ഫിനാന്‍സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ഡോ. റെഡ്ഡീസ് ലാബ് അടക്കമുള്ള കമ്പനികളാണ് നേട്ടം സ്വന്തമാക്കിയത്.സെൻസെസ് 400പോയിന്റിലെത്തി.