പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജി സുധാകരന്‍ വിട്ടുനിന്നു ; പിണറായി വിജയന്‍ സുധാകരനെ സന്ദർശിച്ചില്ല

കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി അംഗമായ അഡ്മിന്‍ അനുമതിയില്ലാതെ ലൈവ് ഇടുകയായിരുന്നുവെന്നാണ് വിവരം. ലൈവ് പങ്കുവെച്ചതോടെ പാര്‍ട്ടിയും സുധാകരനും തമ്മിലുള്ള പ്രശ്‌നത്തിലെ മഞ്ഞുരുകിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജി സുധാകരനെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും അദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹവുമായി അടുത്തയാളുകള്‍ പറയുന്നത്. എന്നാല്‍ ലൈവ് സംപ്രേഷണം പിന്‍വലിച്ചത് അതൃപ്തി മാറാത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാണാന്‍ എത്താത്തതിലും സുധാകരന് അതൃപ്തിയുണ്ടെന്നാണ് വിവരം.

അതേസമയം, പാര്‍ട്ടിയുടെ കരുത്തും ശക്തിയുമാണ് ജി സുധാകരനെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള സമയം ജൂണ്‍ മാസം വരെ നീട്ടി നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ കാര്യത്തില്‍ ആവശ്യമായ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം എടുക്കും.

പ്രസ്ഥാനത്തില്‍ നിന്നും ആരും നഷ്ടപ്പെട്ട് പോകാതിരിക്കാനാണ് പ്രസ്ഥാനം ശ്രമിക്കുക. എല്ലാ പ്രസ്ഥാനം ആഗ്രഹിക്കുന്നതുപോലെയാകില്ല കാര്യങ്ങളെന്നും പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് എത്താതിരുന്നത് അത്ര ദൂരം സഞ്ചരിക്കാനുള്ള ആരോഗ്യപ്രയാസങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ബേബി പറഞ്ഞു.

സുധാകരൻ പെരുമ്പളം പാലത്തിന്റെ ഉദ്‌ഘാടനം ബഹിഷ്‌ക്കരിച്ചതോടെ അനുനയ നീക്കം പാളി .