ക്രിക്കറ്റ് ആരാധകരുടെ ആവേശം വാനോളം ഉയർത്തി, ഇന്ന് (ഫെബ്രുവരി 15-2026) ട്വന്റി 20 ലോകകപ്പിൽ പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും .തീപാറുന്ന മത്സരം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് കൊളംബോയിൽ ആരംഭിക്കും. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്ത്യക്കെതിരെ മത്സരിക്കാൻ പാക്കിസ്ഥാൻ തയ്യാറായത്. സൂര്യകുമാർ യാദവിന്റെ നായകത്വത്തിലാണ് ടീം ഇന്ത്യ സൽമാൻ ആഗയുടെ പാക്കിസ്ഥാനെ നേരിടുക.നിലവിൽ ഇന്ത്യക്കാണ് മുൻതൂക്കം.തുടർച്ചയായി അഞ്ചു കളികൾ ഇന്ത്യ പാകിസ്താനെതിരെ ജയിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്റെ സ്പിൻ ആക്രമണത്തെ ഇന്ത്യയുടെ പവർഫുൾ ലൈനപ്പ് എങ്ങനെ നേരിടും എന്നതിലാണ് എല്ലാവരുടെയും കണ്ണുകൾ. കൊളംബോയിലെ പിച്ചുകൾ വർഷങ്ങളായി സ്പിന്നർമാർക്ക് അനുകൂലമാണ്, ഞായറാഴ്ചയും വ്യത്യസ്തമാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റർമാർക്ക്, സാഹചര്യങ്ങളുമായി എളുപ്പം പൊരുത്തപ്പെടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

മത്സരം നടക്കുന്ന കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. മത്സര ദിവസം വൈകുന്നേരം ഇവിടെ മഴ പെയ്യാനുള്ള സാധ്യത 13 ശതമാനമാണെന്നാണ് അക്യുവെതർ പ്രവചിക്കുന്നത്. 6.30ന് ആണ് ടോസ്.

വൈകുന്നേരം ആറ് മണിക്ക് ഇവിടെ മഴ ലഭിക്കാനുള്ള സാധ്യത 49 ശതമാനം ആണെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഏഴ് മണിയാവുമ്പോഴേക്കും മഴ ലഭിക്കാനുള്ള സാധ്യത ഒൻപത് ശതമാനമായി കുറയുന്നു. പിന്നെ രാത്രി 11 മണി വരെ മഴമേഘങ്ങൾ മൂടി നിൽക്കും. മഴയെ തുടർന്ന് ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വന്നാലും മത്സരം ഉപേക്ഷിച്ചാലും അത് ആരാധകർക്ക് കടുത്ത നിരാശയാവും.

