രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ടുപോകാൻ വാട്സാപ്പിനോടും മാതൃകമ്പനിയായ മെറ്റയോടും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചു.വാട്സാപ്പിൻ്റെ വിവാദപരമായ 2021-ലെ സ്വകാര്യതാ നയം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു ശക്തമായ പരാമർശം നടത്തിയത്.

സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചാൽ വാട്സാപ്പ് ഇന്ത്യ വിട്ടു പോകുമോ ? എന്ന ആശങ്കകൾ അന്തരീക്ഷത്തിലുണ്ട്.പുതിയ കാലത്ത് വാട്സാപ്പ് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ .അതാണ് വാട്സാപ്പിന്റെ അഹങ്കാരവും ശക്തിയും.ഭാവിയിൽ ഇത്തരം പ്രശ്ങ്ങൾ ഉണ്ടാവുമെന്ന് മനസിലാക്കിയാണ് വാട്സാപ്പിനു ബദലായി അരറ്റായ് എന്നൊരു സംവിധാനത്തിനു കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഇപ്പോൾ പ്രവർത്തിക്കുന്നത്.വാട്സാപ്പ്,ഫേസ് ബുക്ക് തുടങ്ങിയവ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഭാരത സർക്കാരിന്റെ കീഴിലുള്ള സ്വദേശ ഫ്ളാറ്റ് ഫോം ആവണമെന്ന് കുറേക്കാലമായി ആവശ്യം ഉയരുകയാണ്.ഭാവിയിൽ മെറ്റയുടെ ഫേസ്ബുക്ക് ഉൾപ്പെടെ ബദൽ സംവിധാനം ഇന്ത്യയിൽ നിലവിൽ വരും.

വാട്സാപ്പ് കേസിൽ ഉപഭോക്താക്കളുടെ സ്വകാര്യതയുമായി കളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സുപ്രീം കോടതി ശക്തമായ മുന്നറിയിപ്പാണ് നൽകിയത് .ഒരു തരി ഡാറ്റ പോലും പങ്കുവെക്കാൻ അനുവദിക്കില്ല വാട്സാപ്പിൻ്റെ നിലവിലെ നയങ്ങൾ സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളതാണെന്നും, ‘അംഗീകരിക്കുക അല്ലെങ്കിൽ സേവനം അവസാനിപ്പിക്കുക’ എന്ന രീതിയിലുള്ള സമീപനം അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനുള്ള മാന്യമായ വഴിയാണിതെന്ന് വിമർശിച്ച കോടതി, ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും അനുസരിക്കാൻ തയ്യാറല്ലെങ്കിൽ കമ്പനിക്ക് ഇന്ത്യയിൽ നിന്ന് വിട്ടുപോകാമെന്ന് വാക്കാൽ നിരീക്ഷിച്ചു.ഉപഭോക്താക്കളുടെ വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പരസ്യ ആവശ്യങ്ങൾക്കായി പങ്കുവെക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കമ്പനിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കുവെക്കാനുള്ള നീക്കത്തെ കോടതി അതിരൂക്ഷമായി വിമർശിച്ചു.ഇന്ത്യൻ നിയമവ്യവസ്ഥയെ മാനിക്കാത്ത വിദേശ കമ്പനികൾക്ക് ഇവിടെ തുടരാനാവില്ലെന്നും, ഭരണഘടന അനുശാസിക്കുന്ന സ്വകാര്യത ഉറപ്പുവരുത്താൻ കമ്പനി ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

ഈ മാസം കേസ് വീണ്ടും പരിഗണിക്കുമ്പോൾ വാട്സാപ്പ് സ്വീകരിക്കുന്ന നിലപാട് ഇന്ത്യയിലെ അവരുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

