തിരുവനന്തപുരത്ത് പോലീസുകാരിയുടെ വീട്ടിൽ വളർത്തിയ തെരുവുനായ്ക്കൾ കാരണം പുറത്തിറങ്ങാൻ പോലുമാകാതെ ദുരിതത്തിലായിരുന്ന അയൽപക്കത്തെ കുടുംബത്തിന് കോർപ്പറേഷൻ ആശ്വാസമായി. ശനിയാഴ്ച മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ് പോത്തൻകോട് വീട്ടിലെത്തി തെരുവുനായകളെ പിടികൂടി നഗരസഭയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെ ഉണ്ടായിരുന്ന എഴുപതോളം നായ്ക്കളിൽ 67 തെരുവുനായകളെ പിടിച്ചതായാണ് അറിവ്.

രാവിലെ ഒൻപതരയോടെ മേയറും കൗൺസിലർമാരായ സിന്ധു ശശി, അർച്ചനാ മണികണ്ഠൻ, സുനിൽ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് തെരുവുനായകളെ പിടികൂടാൻ നഗരസഭയിലെ ഡോഗ് സ്ക്വാഡ് എത്തിയത്.

കുറച്ചു നായകൾ മറ്റു ഭാഗങ്ങളിലേക്ക് ചിതറി ഓടി. വരുംദിവസങ്ങളിൽ മറ്റു നായകളെക്കൂടി പിടികൂടി വണ്ടിത്തടത്തുള്ള നഗരസഭയുടെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു. വീടും പരിസരവും ശുചീകരിക്കും. പിടികൂടിയ നായകളെ എ.ബി.സി. സെന്ററിലേക്ക് മാറ്റി വന്ധ്യംകരിച്ച് 20 ദിവസത്തെ നിരീക്ഷണത്തിനു ശേഷം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റും -മേയർ പറഞ്ഞു.

