തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ.

നേരത്ത ഇഡി രണ്ട് തവണ ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലെത്തി എത്തി എന്ന് ഇ ഡി കണ്ടെത്തിയിരുന്നു.

ജയസൂര്യ ബ്രാൻഡ് അംബാസിഡറായി പ്രതിഫലം കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ തേടി നടന്റെ കൂടുതൽ അക്കൗണ്ടുകളിലേക്ക് ഇഡി അന്വേഷണം നടത്തുമെന്നും അറിയിച്ചിരുന്നു. ആപ്പിന്റെ ഉടമസ്ഥനായ സാത്വിക് റഹ്മാന്റെ സിനിമ ബന്ധങ്ങളിലും ഇഡി അന്വേഷണം തുടങ്ങിയിരുന്നു.

തട്ടിപ്പിലൂടെ സേവ് ബോക്‌സ് നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും ഉൾപ്പെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. നിക്ഷേപമെന്ന പേരിൽ നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയതിന് ആപ്പ് ഉടമ തൃശൂർ സ്വദേശി സാത്വിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുമാണ് ഇ ഡി അന്വേഷിക്കുന്നത്.

അതേസമയം പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ നടത്തുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോയെന്നായിരുന്നു സംഭവത്തിൽ ജയസൂര്യ നേരത്തെ പ്രതികരിച്ചത്. നിയമാനുസൃതമായി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തി നികുതി അടക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരൻ മാത്രമാണ് താനെന്നും ജയസൂര്യ പറഞ്ഞിരുന്നു.