പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു;അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്

‘ജ്യോതിർമഠം ശങ്കരാചാര്യർ’ എന്ന് അവകാശപ്പെടുന്ന സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ പ്രയാഗ്‌രാജിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടു .ഇത് വലിയ വിവാദങ്ങൾക്കാണ് വഴി തിരിക്കുന്നത് .

ആത്മീയ ചടങ്ങുകൾക്കിടയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്.

സ്വാമി അവിമുക്തേശ്വരാനന്ദ എപ്പോഴും തൻ്റെ പദവിയേക്കാൾ കൂടുതൽ വാർത്തകളിൽ ഇടം പിടിച്ചത് തൻ്റെ വിവാദപരമായ പ്രസ്താവനകളിലൂടെയും നിലപാടുകളിലൂടെയുമാണ് എന്നതാണ് കൗതുകകരമായ കാര്യം.

ശാകുംഭരി പീഠാധീശ്വർ അശുതോഷ് ബ്രഹ്മചാരി മഹാരാജ് നൽകിയ പരാതിയിലാണ് കോടതി നടപടി. 14-ഉം 17-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ സ്വാമിയും ശിഷ്യനായ മുകുന്ദാനന്ദ ഗിരിയും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആരോപണം.

സങ്കൽപ്പിക്കാൻ പോലും പ്രയാസമുള്ള ഇത്തരം ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിട്ടുള്ളതെന്നാണ് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് വ്യക്തമാക്കിയത് .

‘ഗുരുസേവ’ എന്ന വ്യാജേന കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.കുട്ടികളുടെ മൊഴികളും പോലീസ് കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും പരിശോധിച്ച കോടതി, ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ മൊഴികൾ വീഡിയോ സഹിതം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

പോലീസിൽ പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾക്ക് പുറമെ, പോക്സോ നിയമത്തിലെ 3, 5, 9, 17 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തന്നെ പീഡനത്തിന് നേതൃത്വം നൽകി എന്നതുകൊണ്ടാണ് ഈ വകുപ്പുകൾ ഉൾപ്പെടുത്തിയത്.

ഇരകളായ കുട്ടികളുടെ മൊഴികൾ രഹസ്യ സ്വഭാവത്തോടെ കോടതി നേരിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ നൽകിയ മൊഴികളിലെ വിശ്വാസ്യതയും സമർപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകളുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കോടതിയെ പ്രേരിപ്പിച്ചത്.

ഈ കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നുവെന്ന് പറയപ്പെടുന്ന 2026-ലെ മാഘമേളയിൽ സ്വാമി അവിമുക്തേശ്വരാനന്ദയും ഉത്തർ പ്രദേശ് സർക്കാർ അധികാരികളും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

മൗനി അമാവാസി നാളിൽ പല്ലക്കിൽ ഗംഗാ സ്നാനത്തിന് പോകുകയായിരുന്ന സ്വാമിയെ പോലീസ് തടഞ്ഞു. വൻ തിരക്കുള്ളതിനാൽ വാഹനങ്ങൾക്കും പല്ലക്കുകൾക്കും നിയന്ത്രണമുണ്ടെന്നായിരുന്നു പോലീസിന്‍റെ വിശദീകരണം.

ഉത്തരാഖണ്ഡിലെ ജോഷിമഠത്തിലുള്ള ജ്യോതിർമഠത്തിന്റെ (ജ്യോതിഷ് പീഠം) ഇപ്പോഴത്തെ ശങ്കരാചാര്യനാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാല് പ്രധാന ആശ്രമങ്ങളിൽ ഒന്നാണിത്. 46-ാമത്തെ അധിപനെന്ന നിലയിൽ, അദ്ദേഹം സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പിൻഗാമിയായി സ്ഥാനമേറ്റു, അഥർവവേദത്തിന് ഉത്തരവാദിയായ വടക്കൻ ആശ്രമത്തെ പ്രതിനിധീകരിക്കുന്നു.