വ്യക്തിപരമായി എന്റെ പിന്തുണ പൂര്‍ണമായി പിണറായിക്കില്ല ;ബിജെപിയുടെ വോട്ടിങ് ശതമാനം കൂടും.

പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘അവസാന രൂപവും ഭാവവും സ്ഥാനാര്‍ഥി നിര്‍ണയവുമെല്ലാം കഴിഞ്ഞ ശേഷം മാത്രമേ എങ്ങനെ ഉരുത്തിരിയുന്നു എന്നതിനെ പറ്റി പൂര്‍ണരൂപം ലഭിക്കുകയുള്ളൂ.

സ്ഥാനാര്‍ഥി നിര്‍ണയം, ഓരോ പാര്‍ട്ടികളുമായുള്ള പങ്കാളിത്തം ഇതെല്ലാം മനസിലാക്കിയ ശേഷമേ ഒരു അഭിപ്രായം പറയാന്‍ സാധിക്കൂ. എന്നെ സംബന്ധിച്ച് പിണറായി സര്‍ക്കാരില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. മൂന്നാമതും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത ഏറെയുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായി എന്റെ പിന്തുണ പൂര്‍ണമായി പിണറായിക്ക് ഇല്ല. അഭിപ്രായം പറഞ്ഞൂ എന്ന് മാത്രം. അഭിപ്രായം എല്ലാവര്‍ക്കും പറയാല്ലോ. ബിജെപിയുടെ വോട്ടിങ് ശതമാനം കൂടും. രാജീവ് ചന്ദ്രശേഖര്‍ നേതൃത്വത്തില്‍ വന്നശേഷം വലിയൊരു മാറ്റം ഇന്ന് കേരളത്തില്‍ ഉണ്ട്. 30 സീറ്റ് കിട്ടുമെന്നത് അവരുടെ ആഗ്രഹമായിരിക്കാം. സീറ്റ് കിട്ടുമോ ഇല്ലയോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല.

എന്നാല്‍ കഴിഞ്ഞപ്രാവശ്യത്തേക്കാള്‍ വോട്ടിങ് ശതമാനം ഇത്തവണ കൂടും എന്നതില്‍ യാതൊരു സംശയവും വേണ്ട. സമുദായ സംഘടനകള്‍ക്കും ഏറെ പ്രസക്തിയുള്ള കാലഘട്ടമായി മാറി. സമുദായസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല എന്നത് ശരി തന്നെ. ഇന്ന് രാഷ്ട്രീയത്തില്‍ പണ്ടത്തെക്കാളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വോട്ട് കൊടുപ്പിക്കുന്ന രീതിയില്‍ പോലും പല സമുദായ നേതാക്കന്മാരും ഇടപെടുന്നുണ്ട്’- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.