കൊല്ലാനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചത്; അഭിനയം എന്ന് ആക്ഷേപം. എന്തുകൊണ്ട് മന്ത്രിയെ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നില്ല ?

മന്ത്രി വീണാ ജോര്‍ജിനെ കൊല്ലാനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍. നേരത്തെ മന്ത്രി മരണപ്പെട്ടു എന്ന സന്ദേശം നാടിന് നല്‍കികൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചതെന്നും മന്ത്രിയുടെ കഴുത്തിന് ഇടിയേറ്റതിനെ തുടര്‍ന്ന് അത് ശരീരത്തെയാകെ വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു. രാവിലെ പരിയാരം മെഡിക്കല്‍ കോളജിലെത്തി മന്ത്രിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍.

‘മന്ത്രിയുടെ കഴുത്തിന്റെ വലതുഭാഗത്താണ് ഇടിയേറ്റത്. കഴുത്ത് ഇടത്തോട്ടോ വലത്തോട്ടെ തിരിക്കുമ്പോള്‍ വേദനയുണ്ടാകുന്നു എന്നതാണ് മന്ത്രി നേരിടുന്ന പ്രധാനപ്രശ്‌നം. മന്ത്രിയുടെ കഴുത്തിന് നേരെയാണ് ഇടിയുണ്ടായത്. വലിയ തോതില്‍ ശരീരത്തയാകെ ബാധിച്ചിട്ടുണ്ട്. വനിതാ മന്ത്രിക്ക് നേരെ ഇത്തരം ആക്രമണം ആരും പ്രതീക്ഷിക്കുന്നില്ല. ഇത് പ്രതിഷേധമല്ല, കൊല ചെയ്യാനുള്ള നീക്കമായിരുന്നു’.

‘നേരത്തെ മന്ത്രി മരണപ്പെട്ടു എന്ന സന്ദേശം നാടിന് നല്‍കികൊണ്ടാണ് റീത്ത് വച്ചത്. റീത്ത് വച്ചത് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവും മുന്‍ പ്രതിപക്ഷ നേതാവും പറഞ്ഞു. അന്ന് ആ ക്രിമിനലുകളുടെ പേരില്‍ നടപടി എടുത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ മന്ത്രിക്കെതിരായ വധശ്രമം നടക്കുമായിരുന്നില്ല. കെഎസ് യു പ്രവര്‍ത്തകന്‍മാര്‍ അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇപ്പോള്‍ അധികം പുറത്തുവന്നിട്ടില്ലാത്ത ദൃശ്യങ്ങളില്‍ കെഎസ് യുക്കാരുടെ കരിങ്കൊടി മന്ത്രിയുടെ കഴുത്തിന് നേരെയാണ്. ഈ ദൃശ്യം വ്യക്തമാക്കുന്നത് മന്ത്രിയുടെ അടുത്ത് തന്നെയായിരുന്നു ഈ ചാവേറുകളില്‍ ഒരാള്‍ എന്നാണ്’

മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടുണ്ട്. അത് ഈ ക്രിമിനല്‍ സംഘത്തില്‍ ഒരാളാണ്. അവരെ പിടിച്ച് മാറ്റിയത് കൊണ്ടാണ് മന്ത്രിയെ കൊല്ലാന്‍ കഴിയാതിരുന്നത്. മന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് കെഎസ് യു കലാപകാരികളുടെ ആക്രമണം. ജനാധിപത്യരീതിയിലുള്ള ആക്രമണത്തെ ആരും എതിര്‍ക്കുന്നില്ല. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കുന്ന ഒരുപാട് സമരത്തില്‍ ഡിവൈഎഫ്- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊക്കെ പൊലീസുകാരില്‍ നിന്ന് തങ്ങള്‍ക്ക് അടിയാണ് കിട്ടിയത്. ഒറ്റമന്ത്രിയും ആക്രമിക്കപ്പെട്ടിട്ടില്ല’- ജയരാജന്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സുരക്ഷാവീഴ്ചയില്ലൈന്നും ജയരാജന്‍ പറഞ്ഞു. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടത് കനത്ത സുരക്ഷയുള്ളപ്പോഴായിരുന്നു. കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചതില്‍ ഗൂഢാലോചനയില്ലെന്നും അണികള്‍ സംയമനം പാലിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം മന്ത്രിയുടെ അഭിനയമാണെന്ന പ്രചാരണവും നടക്കുന്നുണ്ട്.നിരവധി ക്യാമറകൾ ഉണ്ടായിട്ടും എന്തുകൊണ്ട് മന്ത്രിയെ ഇടിക്കുന്ന ദൃശ്യങ്ങൾ കിട്ടിയില്ല.ഏതായാലും ഈ ദൃശ്യങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിൽ നിന്നും ഈ ദൃശ്യങ്ങളില്ല എന്നാണ് വ്യക്തമാകുന്നത്. അല്ലെങ്കിൽ ഇതിനകം ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമായിരുന്നു.