അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന് ഇപ്പോള്‍ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു.

ഉമ്മൻ ചാണ്ടിയുടെ കാലത്ത് കൊച്ചി മെട്രോ നിർമാണത്തിൽ നിന്നും ഇ ശ്രീധരനെ ഒഴിവാക്കുന്നുയെന്നാരോപിച്ച് അന്ന് കൊച്ചി മെട്രോയുടെ മാനേജിന്ദ് ഡയറക്ടറായ ടോം ജോസിന്റെ കാലത്ത് എറണാകുളത്ത് മനുഷ്യ ചങ്ങല തീർത്ത് സമരം ചെയ്തത് സിപിഎം ആണ് .അന്ന് എറണാകുളം ജില്ല സെക്രട്ടറി ഇപ്പോഴത്തെ ,മന്ത്രി പി രാജീവായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം .ഇ ശ്രീധരൻ ബിജെപിയിലെത്തിയതോടെയാണ് അദ്ദേഹത്തിനെതിരെ സിപിഎം തിരിഞ്ഞത്.ഇ ശ്രീധരൻ സിപിഎമ്മിൽ ചേർന്നിരുന്നെങ്കിൽ അദ്ദേഹത്തെ മഹാനായി സിപിഎം ചിത്രീകരിക്കുമായിരുന്നു.

മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കുന്നതിന് മുമ്പേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇ ശ്രീധരനെക്കുറിച്ച് ഓര്‍മിപ്പിച്ചു. കെ റെയില്‍ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയില്‍ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കില്‍ അതിവേഗ ട്രെയിന്‍ വേണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റെയില്‍വേ വികസനത്തില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് ശത്രുതാപരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ പഴയ വേഗതയില്‍ തന്നെ യാത്ര ചെയ്താല്‍ മതി എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. രാജ്യത്ത് അഞ്ച് അതിവേഗ റെയിലുകള്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പൂര്‍ണമായും ഒഴിവാക്കി. കെ വി തോമസ് ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയിട്ടും മറുപടി ലഭിച്ചില്ലെന്നും, കേരളം എന്ത് തെറ്റാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതിവേഗ പാതക്കായി ഇ ശ്രീധരന് സമര്‍പ്പിച്ച രൂപരേഖ താന്‍ നേരിട്ട് റെയില്‍വേ മന്ത്രിക്ക് നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല. ബിജെപിയെ പിന്തുണയ്ക്കാത്തതിന്റെ പക കേരളത്തിലെ ജനങ്ങളോട് തീര്‍ക്കുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന് അര്‍ഹമായത് നല്‍കാതെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ഇന്നും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം നടത്തി. കേന്ദ്രത്തിന്റെ ആ അവഗണന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഇത്തവണയും പരിഗണിച്ചില്ല. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റ് വന്നപ്പോള്‍ കേരളം എന്ന പേര് പോലും പരാമര്‍ശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പല സംസ്ഥാനങ്ങള്‍ക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കല്‍ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങള്‍ എയിംസിനായി നിര്‍ദേശിച്ചു. പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടി പോയി എന്ന മട്ടില്‍ ഞങ്ങള്‍ തിരിച്ചു വരും. എല്ലാ പ്രാവശ്യവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു..
