വാഹനത്തിന്റെ മാനുഫാക്ചറിങ് ഡിഫക്റ്റിന് ആരാണ് ഉത്തരവാദി ?കമ്പനിയോ ;ഡീലറോ

നിങ്ങൾ ഒരു വാഹനം വാങ്ങിയതിനു ശേഷം അതിന് ഏതെങ്കിലും തരത്തിലുള്ള മാനുഫാക്ചറിങ് ഡിഫക്ട് ഉണ്ടെങ്കിൽ ഉടനടി കമ്പനിയെയും ഡീലറെയും രേഖാമൂലം അറിയിക്കണം.ആദ്യത്തെ 10000 കിലോമീറ്ററോ, വാറണ്ടി തീരുന്നതിനു മുൻപോ യാതൊരു പ്രശ്നവുമില്ലാതെ പ്രവർത്തിച്ച വാഹനത്തെ കുറിച്ചുള്ള പരാതി പിന്നീട് പരിഹരിച്ചെടുക്കുവാൻ ബുദ്ധിമുട്ടാണ്.

തുടക്കത്തിൽ തന്നെ വാഹനത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ബോധ്യമായാൽ അത് ഇമെയിൽ മുഖേനയോ, രജിസ്റ്റേഡ് കത്തുവഴിയോ കമ്പനിയെയും, ഡീലറെയും അറിയിക്കുക. വാഹനത്തെക്കുറിച്ചുള്ള പരാതി എന്താണെന്ന് അക്കമിട്ട് കൃത്യമായി വിവരിച്ചിരിക്കണം. ഭാവിയിൽ നഷ്ടപരിഹാരത്തിനായി കോടതിയിൽ പോകേണ്ടി വന്നാൽ ഇപ്പോൾ അയക്കുന്ന കമ്യൂണിക്കേഷൻ ഒരു തെളിവായി മാറ്റപ്പെടുന്നതായിരിക്കും എന്ന് ഓർക്കുക.

ഒരുപക്ഷേ കാറുടമയ്ക്ക് പരിചയം ഡീലറുടെ എക്സിക്യൂട്ടീവിനെ ആയിരിക്കും. കാറിനെ കുറിച്ചുള്ള പരാതി ഫോണിൽ വിളിച്ചു പറഞ്ഞാൽ താൽക്കാലിക പരിഹാരം ഉണ്ടായേക്കാം. എപ്പോഴും ഒരു രേഖയുമില്ലാതെ പരാതി പരിഹരിക്കുവാമായിരിക്കു ഡീലറും കമ്പനിയും ശ്രമിക്കുക. അതിൽ വീഴരുത്.

നിങ്ങളുടെ ഇഷ്ട വാഹനം എടുക്കുന്നതിന് മുമ്പ് തന്നെ PRE INSPECTION BEFORE DELIVERY നടത്തിയിരിക്കണം. ഓട്ടോമൊബൈൽ ഫീൽഡിൽ പരിചയമുള്ള, ഒരാളെ കൂടെ കൊണ്ടുപോകുന്നത് നല്ലതാണ്. വാഹനം എടുക്കുന്നതിനു മുമ്പ് എല്ലാ രേഖകളും കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തണം. വാഹനം ഡെലിവറി എടുക്കുന്നതിന് മുമ്പുള്ള ഫോട്ടോ സെഷനും, മധുര വിതരണവുമെല്ലാം മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്. നിങ്ങളെ കാണിച്ചു ഉറപ്പുവരുത്തി രജിസ്റ്റർ ചെയ്ത വാഹനം തന്നെയാണ് നിങ്ങൾക്ക് തരുന്നതെന്ന് ഉറപ്പുവരുത്തുവാൻ, മുൻപേ തന്നെ ആവശ്യമായ ഫോട്ടോ എടുത്തു വയ്ക്കുക.

ഒന്നോർക്കുക… വാഹനം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ എന്ത് പരാതി ഉണ്ടെങ്കിലും ഡീലർ കൈമലർത്തും. മാനുഫാക്ചറിംഗ് ഡിഫെക്ടിന് കമ്പനിയാണ് ഉത്തരവാദി. ഡീലർ കമ്പനിയുടെ ഒരു ഏജന്റ് മാത്രമാണ്….. എന്നാൽ സർവീസിൽ വരുന്ന അപാകതകൾക്ക് വാഹനം വിറ്റ ഡീലറെ എതിർകക്ഷി ആക്കാവുന്നതാണ്…

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075