ജർമനിയിലെത്തിയ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു .അപമാനമോ ?

അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലെ മ്യൂണിക്കിലെത്തിയ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് സുരക്ഷാ പരിശോധനയ്ക്കിടെ വലിയ അപമാനം നേരിടേണ്ടി വന്നതായി റിപ്പോർട്ട്.

മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരും അസിം മുനീറുമായുണ്ടായ തർക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അസിം മുനീറിനെ മറ്റേതൊരു സാധാരണക്കാരനെയുമെന്നപോലെ പരിഗണിക്കുകയും അദ്ദേഹത്തോട് തിരിച്ചറിയൽ രേഖ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആഗോള നിലവാരത്തെയും ജനപ്രീതിയെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവച്ചത്.

വേദിയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയും, ഒരു വനിതാ ഉദ്യോഗസ്ഥ “നിൽക്കൂ – നിങ്ങളുടെ ഐഡി കാർഡ് എവിടെ? ദയവായി അത് കാണിക്കൂ” എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു വിശിഷ്ട അതിഥിയായല്ല, മറിച്ച് ഒരു സാധാരണക്കാരനെപ്പോലെയാണ് ഉദ്യോഗസ്ഥ അദ്ദേഹത്തെ പരിഗണിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

മുന്നോട്ട് പോകാൻ അനുവദിക്കുന്നതിന് മുൻപ് ഔദ്യോഗിക തിരിച്ചറിയൽ രേഖ പരിശോധിക്കണമെന്ന് അവർ നിർബന്ധം പിടിച്ചു. ഈ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്. ലോകവേദിയിൽ അദ്ദേഹത്തെ ആരും തിരിച്ചറിയുന്നില്ലെന്നും ഗേറ്റ് കീപ്പർമാർ ആവശ്യപ്പെടുമ്പോൾ പോലും അദ്ദേഹം വിനീതനായി സ്വയം പരിചയപ്പെടുത്തുകയാണെന്നും മുൻ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജ പരിഹസിച്ചു.