കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇതിലും മെച്ചപ്പെട്ട രീതിയിൽ ഉണ്ടാക്കാൻ കഴിയുമായിരുന്നോ എന്ന കാര്യം സംശയമാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി ആർ പരമേശ്വരൻ അഭിപ്രായപ്പെട്ടു .ഫേസ് ബുക്കിലാണ് ഇക്കാര്യം അദ്ദേഹം കുറിച്ചത്.
കരാറിൽ സുതാര്യത കൊണ്ടുവരണമെന്ന് ആവശ്യപ്പെടാം എങ്കിലും പ്രതിഷേധ തരത്തിലുള്ള ഒരു സമീപനം കോൺഗ്രസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത് ശരിയാണെന്ന് തോന്നുന്നില്ല. രണ്ട് pertinent(പ്രസക്തമായ ) വിമർശനങ്ങളുടെ കൂട്ടത്തിൽ പത്തു impertinent (അപ്രസക്തമായ ) വിമർശനങ്ങൾ കൂടി പറഞ്ഞു ആ രണ്ടും കൂടി നഷ്ടപ്പെടുത്തുന്നു എന്നതാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിൻ്റെ ഒരു പരാജയകാരണം – അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

സി ആർ പരമേശ്വരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :
“അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാറിന്റെ വിശദാംശങ്ങൾ അറിഞ്ഞാൽ മാത്രമേ അതിന്റെ തിന്മയെക്കുറിച്ചും മേന്മയെക്കുറിച്ചും ഉള്ള അന്തിമനിഗമനത്തിൽ എത്താൻ ആവൂ. അരി, ഗോതമ്പ്,ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നില്ലെങ്കിൽ, കൊള്ളാവുന്ന ഇറക്കുമതി നയം ആണെന്നാണ് എനിക്ക് തോന്നുന്നത്. അമേരിക്കൻ സൂപ്പർമാർക്കറ്റുകളിൽ ഒരു കിലോ ആപ്പിളിന് റീട്ടെയിൽ വിലയായി ചുരുങ്ങിയത് 31/2-4ഡോളർ കൊടുക്കണം. അത് ഇവിടെ കോംപറ്റീറ്റീവ് ആയി വിൽക്കാനാവും എന്ന് തോന്നുന്നില്ല. ഇവിടെ ഇപ്പോൾ ₹300-360 ഒക്കെയാണ് ഏറ്റവും നല്ല ആപ്പിളിന്റെ കൂടിയ റീട്ടെയിൽ വില. 200 രൂപയ്ക്ക് കിട്ടുന്നവയും ഉണ്ട്..ചില സൂപ്പർമാർക്കറ്റുകൾ കത്തിവെക്കുന്നുണ്ട് എന്നത് ശരിയാണ് എങ്കിലും ‘ആ വിലയോടാണ് അമേരിക്കൻ ആപ്പിളുകൾ മത്സരിക്കേണ്ടത്. അതിനാൽ ഇപ്പോൾ അനുവദിച്ചിട്ടുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യ സഹിക്കേണ്ടിവരും എന്ന് കരുതുന്നില്ല. മുൻപ് പറഞ്ഞതുപോലെ,അരി, ഗോതമ്പ്, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് കരാറിൽ ചതി ഒന്നും ഒളിപ്പിച്ചു വച്ചിട്ടില്ലെങ്കിൽ.
എന്തിലും ചതി ഒളിപ്പിച്ചു വയ്ക്കുക സംഘികളുടെ സ്വഭാവമായതുകൊണ്ടാണ് രണ്ടാം മോദി സർക്കാരിന്റെ കർഷക നിയമത്തെ കർഷകർ എതിർത്തത്. കൃഷി ആധുനികവൽക്കരിക്കുന്നതിനുള്ള ആദ്യ പടി ആയിരുന്നു കർഷക നിയമംഎങ്കിലും, കർഷക നിയമത്തോടനുബന്ധിച്ചുള്ള പ്രക്ഷോഭങ്ങൾ വാസ്തവത്തിൽ അത് പാരമ്പര്യ ചൂഷകരും നവീന ചൂഷകരും എന്നിങ്ങനെ രണ്ട് കൂട്ടം കർഷകചൂഷകർ തമ്മിലുള്ള സംഘർഷമായി തീർന്നു.

കർഷകരെ വിശ്വാസത്തിലെടുത്ത് നമ്മുടെ കൃഷി ആധുനികവൽക്കരിക്കേണ്ടതുണ്ട്. ആ വിധത്തിൽ സ്വയം competitive ആകേണ്ടതുണ്ട്. അമേരിക്കയിലും മറ്റും ആയിരം ഏക്കർ ഒക്കെ വരെയുള്ള കൃഷി യന്ത്രവൽക്കരണത്തിന്റെ സഹായത്താൽ ഒരു കുടുംബമോ കൂട്ടുകുടുംബമോ മാനേജ് ചെയ്യുന്നു എന്ന് പറയപ്പെടുന്നു. കോർപ്പറേറ്റുകൾ കാർഷിക രംഗത്ത് വരുന്നതിനു പകരം ഇത്തരം കുടുംബസംരംഭങ്ങളും സഹകരണ സംഘങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കണം.
പിന്നെ, ഉഭയകക്ഷി കരാറുകളിൽ നമുക്ക് മാത്രം ഗുണം കിട്ടുന്ന ഒരു കരാർ ഉണ്ടാവുകയില്ലല്ലോ. അത് pre- മാരുതി ഘട്ടത്തിലെ ഒരു മാനസികാവസ്ഥയാണ്.
പിന്നെ, നയങ്ങൾ രൂപീകരിക്കുമ്പോൾ ഇപ്പോൾ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യൻ Diaspora യുടെ താല്പര്യങ്ങൾ കൂടി സർക്കാർ കണക്കിലെടുക്കാതിരിക്കില്ല. അമേരിക്കൻ ഇന്ത്യക്കാർ ഇന്ന് അവിടെ നിസ്സാരമായ സാമ്പത്തിക ശക്തിയല്ല. വലിയ കോർപ്പറേറ്റ് ഉടമകൾ ലോക ശതകോടീശ്വരന്മാർ ആയി ഉണ്ടെങ്കിലും, മൊത്തത്തിൽ എടുത്താൽ അമേരിക്കയിലെ ഏറ്റവും സമ്പന്ന സമൂഹം ഇന്ന് ഇന്ത്യക്കാരാണ്. തദ്ദേശീയരും ചൈനക്കാരും ഒക്കെ അത് കഴിഞ്ഞേ വരുന്നുള്ളൂ.
യുപിഎ ആണ് ഭരിക്കുന്നത് എങ്കിലും മെച്ചപ്പെട്ട ഒരു കരാർ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. കരാറിൽ സുതാര്യത കൊണ്ടുവരണമെന്ന് ആവശ്യപ്പെടാം എങ്കിലും പ്രതിഷേധമാത്രമായ ഒരു സമീപനം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ശരിയായി എന്ന് തോന്നുന്നില്ല. രണ്ട് pertinent വിമർശനങ്ങളുടെ കൂട്ടത്തിൽ പത്തു impertinent വിമർശനങ്ങൾ കൂടി പറഞ്ഞു ആ രണ്ടും കൂടി നഷ്ടപ്പെടുത്തുന്നു എന്നതാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഒരു പരാജയകാരണം.”

