കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഹൈസ്പീഡ് റെയിൽ പദ്ധതി പ്രഖ്യാപിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ വിട്ടുനിൽക്കാൻ കാരണം സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതിയാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. സംസ്ഥാന സർക്കാരിന്റെ ഈ നീക്കം വെറുമൊരു രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.

ഒരു ലക്ഷം കോടി രൂപയുടെ ഹൈസ്പീഡ് റെയിൽ പദ്ധതി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പരിഗണനയിലായിരുന്നുവെന്ന് ശ്രീധരൻ അവകാശപ്പെട്ടു. എന്നാൽ ജനുവരി 30-ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ആർആർടിഎസ് പദ്ധതി പ്രഖ്യാപിക്കുകയും അതിനായി 100 കോടി രൂപ വകയിരുത്തുകയും ചെയ്തതാണ് കേന്ദ്രം തങ്ങളുടെ പദ്ധതി പ്രഖ്യാപിക്കുന്നതിൽ നിന്ന് പിന്തിരിയാൻ ഇടയാക്കിയത്. സംസ്ഥാന സർക്കാർ ആർആർടിഎസ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ കേന്ദ്ര ബജറ്റിൽ ഹൈസ്പീഡ് റെയിൽ ഇടംപിടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തനിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും 93-കാരനായ ശ്രീധരൻ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി ഓഫീസ് തുറന്നതായും അദ്ദേഹം അറിയിച്ചു.

താൻ ബിജെപിയിൽ ചേർന്നത് കൊണ്ട് മാത്രമല്ല എൽഡിഎഫ് സർക്കാർ തന്നെ തഴഞ്ഞത്. ഡിഎംആർസി പദ്ധതികൾ ഏറ്റെടുത്താൽ ഭരണകക്ഷിക്ക് അഴിമതി നടത്താൻ കഴിയില്ലെന്നതാണ് യഥാർത്ഥ കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കൊച്ചി മെട്രോയുടെ നിർമ്മാണം ഡിഎംആർസി ഏറ്റെടുത്തപ്പോൾ ഭരണകക്ഷിക്ക് അതിൽ നിന്ന് പണമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ-റെയിൽ (സിൽവർ ലൈൻ) പദ്ധതിയേക്കാൾ മികച്ചതാണ് താൻ മുന്നോട്ട് വെച്ച ഹൈസ്പീഡ് റെയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി 2024-ൽ നടത്തിയ ചർച്ചയിൽ അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ ഇതിൽ താൽപ്പര്യം കാണിച്ചില്ല.

റെയിൽവേ ബോർഡിന്റെയും ഡിഎംആർസിയുടെയും ഉത്തരവുകൾ ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ ഡിപിആർ പൂർത്തിയാക്കും. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടില്ലെന്നും ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആർആർടിഎസ് പദ്ധതി റെയിൽവേയുമായി ബന്ധപ്പെട്ട ആരും തയ്യാറാക്കിയതല്ലെന്നും അത് പ്രായോഗികമല്ലെന്നും അദ്ദേഹം വിമർശിച്ചു..

കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് എടുത്തുപറയത്തക്ക വികസനങ്ങളൊന്നും നടന്നിട്ടില്ലെന്നും മറ്റുള്ളവർ നടപ്പിലാക്കിയ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. ബിജെപിയിൽ ചേർന്നതിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്നും ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

