മുഖ്യമന്ത്രി പിണറായി വിജയന്റെ മത്സ്യത്തോടുള്ള പ്രിയത്തെ കുറിച്ചുള്ള സിപിഐ നേതാവ് സി ദിവാകരന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. പിണറായി വിജയന് വിലക്കൂടിയ മത്സ്യമേ കഴിക്കൂ എന്ന സി ദിവാകരന്റെ വാക്കുകള്‍ ഓര്‍മ്മക്കുറവ് കൊണ്ട് ആയിരിക്കാമെന്നും എ ക്ലാസ്, ബി ക്ലാസ് മീന്‍ എന്നൊന്നുമില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായ ഇഷ്ടത്തെയും ഭക്ഷണരുചിയെയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല. ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമുണ്ട്. ചില ആള്‍ക്കാര്‍ക്ക് അലര്‍ജി ഉണ്ടാവാമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

പിണറായി വിജയന് സാധാരണ മീന്‍ പോരെന്നും എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണമെന്നും പറഞ്ഞു തുടങ്ങുന്നതായിരുന്നു ദിവാകരന്റെ വാക്കുകള്‍. ‘പിണറായി വിജയന് സെലക്ടീവ് ഫുഡാണ്. തിരുവനന്തപുരത്തെ പല പ്രവര്‍ത്തകര്‍ക്കും പിണറായിയുടെ ഫുഡ് ഹാബിറ്റ് പിടിയില്ല. ഫിഷ് ഭയങ്കര ഇഷ്ടമാണ്. സാധാരണ മീന്‍ ഒന്നും പോരാ. എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം. ഇവിടെ എവിടെയാണ് ഉച്ചയ്ക്ക് നമ്മുടെ ഭക്ഷണം പറഞ്ഞിരിക്കുന്നത്. ഞാന്‍ പറഞ്ഞു ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ്.പുള്ളിക്ക് തീരെ ഇഷ്ടമായില്ല. കാരണം ആനത്തലവട്ടം ആനന്ദനും വി എസും തമ്മില്‍ നല്ല ബന്ധമാണ്.

അന്ന് പിണറായി വിഎസിന്റെ ശത്രുവായിരിക്കുന്ന സമയമാണ്. അങ്ങേര് പറഞ്ഞ് വേറെ ആരും കിട്ടിയില്ലേ. ഞാന്‍ പറഞ്ഞു കുഴപ്പമില്ല. കറികള്‍ എല്ലാം വിളമ്പി. മീന്‍ കൊണ്ടുവന്നു വച്ചു. അതില്‍ വിരല്‍ ഇട്ട് അമര്‍ത്തി. വലിയ കഷണമാണ്. വറുത്തതാണ്. ഇത് എന്തുമീന്‍ ആണ്? എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അവിടെയുള്ള ഒരാളോട് ചോദിച്ചു. മീന്‍ ചൂരയാണ്. ചൂര ഒന്നിനും കൊള്ളാത്ത മീനാണ്. പിണറായിയോട് ചൂരയാണ് എന്ന് പറഞ്ഞു. അദ്ദേഹം ഉണ്ടില്ല എഴുന്നേറ്റു.

എകെജി സെന്ററില്‍ കാണാം. ദിവാകരന് പോകുമ്പോള്‍ വിളിച്ചാല്‍ മതി. പിണറായി വിജയന് പോയി. സത്യനേശന് ആണ് അന്ന് ജില്ലാ സെക്രട്ടറി. ഉണ്ണാതെ പോയപ്പോള്‍ എല്ലാവര്ക്കും പേടിയായി. സത്യനേശന് എന്നോട് പറഞ്ഞു സഖാവേ എന്തെങ്കിലും പറ്റോ. നടപടിയെടുക്കോ? അതൊന്നുമില്ല. ഞാന്‍ പറയാം. നല്ല മീന്‍ കിട്ടിയില്ല എന്ന് ഒന്നു പറഞ്ഞേക്കണം. നാളെ പാറശാലയിലാണ്. നാളെ രാവിലെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന് വാങ്ങി നേരെ പാറശായില്‍ കൊണ്ടുപോയി കൊടുക്കണം.

നല്ല കറിവെച്ച് നാളെ കൊടുത്താല്‍ നാളെ നമുക്ക് പരാതിയെല്ലാം തീര്‍ക്കാം. സത്യനേശന് വെളുപ്പാന്‍കാലത്ത് അഞ്ചുമണിക്ക് പാളയം മാര്‍ക്കറ്റില്‍ നില്‍ക്കുകയാണ് മീന്‍ വാങ്ങാന്‍. മീന്‍ മേടിച്ചു കൊണ്ടുപോയി കറി വെച്ചു. വന്ന് കറികളെല്ലാം നോക്കും. ദിവാകരാ ഇന്ന് എങ്ങനെയാണ് മീന്‍. നല്ല മീന്‍ ആണ് എന്ന് ഞാന്‍ പറഞ്ഞു. അത് എങ്ങനെ ഇന്ന് നല്ല മീന്‍. ഇന്നലെ എന്തുകൊണ്ട് നല്ല മീന്‍ കിട്ടിയില്ല. ഇന്ന് ഏര്‍പ്പാട് ഉണ്ടാക്കി എന്ന് ഞാന്‍ പറഞ്ഞു. സഖാവ് കഴിക്കണം. കഴിച്ചപ്പോള്‍ ഭയങ്കര സന്തോഷമായി’- ദിവാകരന് ചിരിച്ചുകൊണ്ട് പറഞ്ഞു.

മീന്റെ കാര്യം പറയുമ്പോൾ പലരും എം എ ബേബി ,തോമസ് ഐസക്ക് എന്നിവരെക്കുറിച്ചാണ് പറയുക.പിണറായി വിജയന്റെ മീൻ താൽപ്പര്യം ആദ്യമായാണ് ഒരാൾ പറയുന്നത്.അതും നല്ല മീനോടുള്ള താൽപ്പര്യം .ശിവൻകുട്ടി പറഞ്ഞപോലെ സി ദിവാകരന്റെ ഓർമ്മക്കുറവാണോ .
