ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ സർക്കാർ പിന്മാറി. ഐസിസിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനമുണ്ടായത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ കളിക്കാൻ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അവർ പിന്മാറിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ബംഗ്ലാദേശിന് ഐസിസി ഏർപ്പെടുത്തിയ വിലക്കിനെതിരെയും നടപടികൾക്കെതിരെയും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു.

പാക്കിസ്ഥാൻ മുന്നോട്ടുവെച്ച പല ആവശ്യങ്ങളും ഐസിസി കർശനമായി തള്ളിക്കളഞ്ഞു. ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരകൾ പുനരാരംഭിക്കണമെന്നും ഐസിസി വരുമാനത്തിൽ വലിയ വിഹിതം വേണമെന്നുമുള്ള പാക് ആവശ്യങ്ങൾ അംഗീകരിക്കാൻ ഐസിസി തയ്യാറായില്ല. ബഹിഷ്കരണവുമായി മുന്നോട്ട് പോയാൽ കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന കർശന നിലപാട് ബിസിസിഐ മുൻ സെക്രട്ടറിയും നിലവിലെ ഐസിസി തലവനുമായ ജയ് ഷാ സ്വീകരിച്ചതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി.

ഒടുവിൽ, തങ്ങൾക്ക് വേണ്ടി പാക്കിസ്ഥാൻ നടത്തുന്ന ഈ നീക്കം മൊത്തത്തിലുള്ള ക്രിക്കറ്റ് വ്യവസ്ഥിതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തന്നെ രംഗത്തെത്തി. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കണമെന്ന് ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്‌ലാം നേരിട്ട് ആവശ്യപ്പെട്ടു. ഇതിന് പുറമെ ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളും പാക്കിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി.

സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചും ക്രിക്കറ്റിന്റെ നന്മയ്ക്കായും ഇന്ത്യക്കെതിരായ മത്സരത്തിൽ ടീമിനെ ഇറക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടു. ബംഗ്ലാദേശിന് മേൽ ഐസിസി ശിക്ഷാനടപടികൾ എടുക്കില്ലെന്നും 2028-31 കാലയളവിൽ ബംഗ്ലാദേശിൽ ഒരു ഐസിസി ടൂർണമെന്റ് നടത്താൻ അവസരം നൽകുമെന്നുമുള്ള ഉറപ്പും പാക്കിസ്ഥാനെ തീരുമാനത്തിൽ നിന്ന് മാറാൻ പ്രേരിപ്പിച്ചു.

