“പിണറായിസത്തിന് വെള്ളവും വളവും നൽകിപ്പോന്നവരാണ് ഈ ചർച്ച ചെയ്യുന്ന കള്ളന്മാർ എന്ന് ഓർക്കണം”

കിം ജോങ് ഉന്നും ചെഷുസ്കുവും പിണറായി വിജയനും എളമരം കരീമും ഒക്കെ മാർക്സിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും ഒക്കെയാണെന്ന അടിയുറച്ച പൂർവാചരണത്തിൽ ഒന്നും ഒരു നേരിയ സംശയം പോലുമില്ലാതെയാണ് ചർച്ചകളൊക്കെ. അവയിൽ എല്ലാം എകെജിയെയും ഇഎംഎസിനെയും അച്യുതമേനോനെയും ഗൗരിയമ്മയെയും ഒക്കെ കുറിച്ചുള്ള ഗൃഹാതുരത്വങ്ങളും തേങ്ങലുകളും ഒക്കെയുണ്ട്. 20- 25 കൊല്ലം, പിണറായിസത്തിന് വെള്ളവും വളവും നൽകിപ്പോന്നവരാണ് ഈ ചർച്ച ചെയ്യുന്ന കള്ളന്മാർ എന്ന് ഓർക്കണം.എഴുത്തുകാരനും നിരീക്ഷകനുമായ സി ആർ പരമേശ്വരന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു.അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

“പിണറായിയുടെ മൂന്നാംമൂഴത്തെ കുറിച്ചുള്ള ഭാഗ്യാന്വേഷികളായ ചില എഴുത്തുകാരുടെ ഇടയിളക്കത്തിന്റെ പശ്ചാത്തലത്തിൽ ‘ കമ്മ്യൂണിസവും ജനാധിപത്യവും’ എന്ന വിഷയത്തെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്.

എന്തായാലും, കിം ജോങ് ഉന്നും ചെഷുസ്കുവും പിണറായി വിജയനും എളമരം കരീമും ഒക്കെ മാർക്സിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും ഒക്കെയാണെന്ന അടിയുറച്ച പൂർവാചരണത്തിൽ ഒന്നും ഒരു നേരിയ സംശയം പോലുമില്ലാതെയാണ് ചർച്ചകളൊക്കെ. അവയിൽ എല്ലാം എകെജിയെയും ഇഎംഎസിനെയും അച്യുതമേനോനെയും ഗൗരിയമ്മയെയും ഒക്കെ കുറിച്ചുള്ള ഗൃഹാതുരത്വങ്ങളും തേങ്ങലുകളും ഒക്കെയുണ്ട്. 20- 25 കൊല്ലം, പിണറായിസത്തിന് വെള്ളവും വളവും നൽകിപ്പോന്നവരാണ് ഈ ചർച്ച ചെയ്യുന്ന കള്ളന്മാർ എന്ന് ഓർക്കണം.Great purge മുതൽ ഭൂതഭരണത്തിൽ കമ്മി ഗുണ്ടകളാൽ കൊല്ലപ്പെട്ട ചെറുപ്പക്കാർ വരെ ഉള്ളവർ ഉൾപ്പെടുന്ന ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഹിംസാകാണ്ഡങ്ങൾ ചർച്ചയിൽ വരാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ട്.

ലോകത്തിലെങ്ങും ഈ സാധനം കുഴിച്ചുമൂടപ്പെട്ടു കഴിഞ്ഞു . ഇന്ത്യയിൽ 1.75 ശതമാനം വോട്ട് ഓഹരിയും ലോകസഭയിൽ നാലു സീറ്റും( അതിൽ മൂന്നെണ്ണം ഇരന്നു വാങ്ങിയത് ) മാത്രമേ പാർട്ടിക്കുള്ളൂ. എന്നാലും,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള ഭാവി ശുഭപ്രതീക്ഷയുടെ കാര്യത്തിൽ അന്തംകമ്മി കടന്നലും ശാസ്ത്രസാഹിത്യ പരിഷത്തുകാരനും മേൽത്തരം J. N. U. പ്രൊഫസറും ഒക്കെ ഒരേ നിലവാരത്തിലാണ്. ആ വിധത്തിൽ ഒരു സമത്വം ഇല്ലെന്നു പറയാനാവില്ല. ചർച്ച,അതങ്ങനെ ജീവിതകാലം മുഴുവൻ തുടരും.

നമ്മൾ പിന്തിരിപ്പന്മാരെ പോലെ തന്നെയൊ അതുക്കും മേലെ തന്നെയോ അവരും ഒന്നാന്തരം മുതലാളിത്ത ജീവിതം ജീവിച്ചു കൊണ്ടിരിക്കുന്നു . ഓരോ ഇടതു ബുദ്ധിജീവിയുടെയും ശരീരത്തിൽ തന്നെ പേസ്മേക്കറും ഹിയറിങ് എയ്ഡും ഒക്കെയായി ഇരുപതിലേറെ കുത്തക മുതലാളിത്ത ഉൽപന്നങ്ങളും കാണും. ഇപ്പോൾ ഗൗരവമായി നടക്കുന്ന ചർച്ചകൾ പോലും intra -communist party ചർച്ചകൾ ആണ്.

രണ്ടു നൂറ്റാണ്ടോളം കാലത്തെ കുറിച്ച് വസ്തുനിഷ്ഠത തൊട്ടുതീണ്ടാത്ത ചർച്ചകളിൽ മുഴുകിയിരിക്കുന്ന ഇവരെ, ഇവർ ഒഴിച്ചുള്ള 99% ആളുകൾ ഉൾക്കൊള്ളുന്ന പുറംലോകം എങ്ങനെ കാണുന്നു എന്നതൊന്നും ഇവർക്ക് ഒരു വിഷയമല്ല.

കുറിപ്പ്: ഇത്തരം കമ്മ്യൂണിസ്റ്റു വിമർശനങ്ങളിൽ സംഘപരിവാറുകാർ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതം. അവരും കമ്മ്യൂണിസ്റ്റുകാരെ പോലെ തന്നെ അക്രമികളും നുണയന്മാരും ലിബറൽജനാധിപത്യവിരുദ്ധരും ആണ്. കമ്മികൾ വിജ്ഞാനം വക്രീകരിക്കുമ്പോൾ സംഘികൾ വിജ്ഞാനവിരോധികൾ തന്നെയാണ്.”