കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ രശ്മി ബിജെപിയിലേക്ക്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ രശ്മി ബിജെപിയിലേക്ക്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. രശ്മി കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബിജെപി നേതാക്കള്‍ രശ്മിയുമായി ചര്‍ച്ച നടത്തിയിരുന്നു.

സിപിഎം വിട്ടെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെയാണ് രശ്മിയുടെ കൂടുമാറ്റം. ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തുമെന്നുറപ്പായതോടെ സാമൂഹിക മാധ്യമങ്ങളില്‍ രശ്മി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രശ്മിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ചിരുന്നെങ്കിലും അവര്‍ വഴങ്ങിയില്ല.

സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ രണ്ട് ആവശ്യങ്ങള്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി ഇടപെട്ട് തീര്‍ക്കണം, യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ബോര്‍ഡ് കോര്‍പറേഷന്‍ പദവി എന്നിവയായിരുന്നു അവ. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കാതെ വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ രശ്മി തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രശ്മിയെ ഫോണില്‍ വിളിച്ചെങ്കിലും പാര്‍ട്ടിയില്‍ തുടരാനില്ലെന്ന് അവര്‍ അറിയിച്ചതായാണ് വിവരം.

കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന രശ്മി, ജില്ലയിലെ അറിയപ്പെടുന്ന മഹിളാകോണ്‍ഗ്രസ് നേതാവുകൂടിയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎന്‍ ബാലഗോപാലിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാല്‍ ജയിച്ചത്. 2016-ല്‍ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോള്‍ 42,632 വോട്ടിനാണ് ജയിച്ചത്. സവിന്‍ സത്യനായിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.