കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് 30.01.2026 മുതൽ നിലവിൽ വന്നു. ഇത് പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലും ചികിത്സ ചെലവുകൾ പ്രസിദ്ധീകരിക്കണം. ഈ നിയമ പ്രകാരം ചെലവ് കുറഞ്ഞ ചികിത്സ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രത്യേകത.

കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.

നൽകുന്ന സേവനങ്ങൾക്കും, ചികിത്സയ്ക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും, പരാതി പരിഹാര ആഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടുവാനുള്ള സംവിധാനം, ഫോൺനമ്പറുകൾ തുടങ്ങി രോഗികളുടെ അവകാശങ്ങളും ലഭ്യമായ സൗകര്യങ്ങളുടെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും അഡ്മിഷൻ ഡസ്കിൽ/റിസപ്ഷൻ സ്ഥലത്ത് പ്രദർശിപ്പിക്കുകയും സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ ഖോബ്രഗഡെ അറിയിച്ചു.

ചികിത്സ, പരിശോധന, മറ്റു സേവനങ്ങൾ (ഇൻറൻസീവ് കെയർ യൂണിറ്റ്/ഓപ്പറേഷൻ തിയേറ്റർ, സ്കാനിംഗ്, ലബോറട്ടറി സൗകര്യം, ആംബുലൻസ് സൗകര്യം, എമർജൻസി കെയർ) തുടങ്ങിയവ ഇനം തിരിച്ച് ലഭ്യമാക്കും എന്നും രഹസ്യാത്മകത, വിവേചന രാഹിത്യം, 72 മണിക്കൂറിനുള്ളിൽ മെഡിക്കൽ രേഖകൾ ലഭ്യമാക്കും എന്നും ഉറപ്പു നൽകേണ്ടതുമാണ്. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികൾക്ക് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ നിന്നും സ്ഥാപനത്തിൽ ലഭ്യമായ സേവനത്തെ സംബന്ധിച്ചും അടിസ്ഥാന നിരക്കുകളും പാക്കേജ് നിരക്കുകളും അവയിൽ ഉൾപ്പെട്ട് വരുന്ന സേവനങ്ങൾ എന്തെല്ലാമെന്നും മുൻകൂർ ഡെപ്പോസിറ്റും തുക തിരികെ നൽകുന്നത് സംബന്ധിച്ച സ്ഥാപനത്തിന്റെ നയം, ഇൻഷ്വറൻസ്, ക്യാഷ് ലെസ് ചികിത്സകൾ, ക്ലയിം തീർപ്പാക്കലിന്റെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റ്, ബില്ലിംഗ് നയം, ഡിസ്ചാർജ്ജ് നടപടിക്രമങ്ങൾ, ആംബുലൻസിന്റേയും മറ്റു യാത്രാസൌകര്യങ്ങളുടേയും നിരക്കുകൾ 24*7 എമർജൻസി കെയർ പ്രോട്ടോക്കോൾ, പരാതി പരിഹാര സംവിധാനം എന്നീ വിവരങ്ങളെല്ലാം ഒരു ലഘുലേഖ രൂപത്തിൽ ഡൌൺലോഡ് ചെയ്യുന്നതിന് വെബ്സൈറ്റിൽ സൗകര്യം ഏർപ്പെടുത്തുകയോ രോഗിക്ക് നൽകുകയോ പ്രിന്റ് ചെയ് ലഘുലേഖ ആവശ്യപ്പെട്ടാൽ നൽകുകയോ ചെയ്യണം.

എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്.എം.എസ്, വാട്ട്സാപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്. ലഭിച്ച പരാതി 7 പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക്/ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റൻറ് അതോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.

