രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന തലക്കെട്ടിലെഴുതിയ പുസ്തകമാണ് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പ്രകാശനം ചെയ്തത്. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യുവാണ് എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്കി പുസ്തകം പ്രകാശനം ചെയ്തത്.

സിപിഎമ്മിന്റെ എതിര്‍പ്പിനെ മറികടന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ വലിയ ജനാവലിയാണ് എത്തിയത്. നിരവധി പേര് വേദിയിലെത്തി വി കുഞ്ഞികൃഷ്ണന് കൈകൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സദസിലിരിക്കുന്നവര്‍ ഇന്‍ക്വിലാബ് വിളിക്കുന്നതിനിടെയാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്.
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവെച്ചുവെന്ന് നവ മാധ്യമങ്ങളിലൂടെ പ്രചാരണം ഉണ്ടായതായി വി കുഞ്ഞികൃഷ്ണന് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ”എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് ”, കുഞ്ഞികൃഷ്ണന് പറഞ്ഞു.

അതേസമയം, വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനം ചെയ്തതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
