കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യക്ക് പിന്നിൽ കള്ളപ്പണമാണോ ?

ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും കണക്കിൽപ്പെടാത്ത പണം നിക്ഷേപമായി സ്വീകരിച്ചിരുന്നതാണ് കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് സംശയിക്കുന്നു.
റോയ് ആറു മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം മനസ്സിലാക്കി.ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് പോലീസ് കരുതുന്നത്.പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു പോലീസിൻ്റെ സംശയം.ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.

അതേസമയം റിയല്‍ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഈ നീക്കം.വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളില്‍ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യും. മരണത്തിന് മുന്‍പ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് എസ്ഐടി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് റോയിയുടെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജന്‍സികളുടെ തിരച്ചിൽ നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് വച്ച് അദ്ദേഹം സ്വയം വെടിവച്ച് മരിച്ചത്. ബംഗളൂരുവിലെ റിച്ച്മണ്ട് സര്‍ക്കിളിനടുത്തുള്ള ഓഫീസിലായിരുന്നു സംഭവം.