പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.

പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും, അവ വെറും സങ്കല്പമല്ല, മറിച്ച് യഥാർത്ഥമാണെന്നും മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമ.അന്യഗ്രഹജീവികളുടെ നിലനിൽപ്പിനെക്കുറിച്ചും ഭൂമിക്ക് പുറത്തുള്ള ജീവന്‍റെ സാന്നിധ്യത്തെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമാക്കുകയാണ് അദ്ദേഹത്തിൻ്റെ ഒരു പോഡ്‌കാസ്റ്റ് അഭിമുഖം.

എന്നാൽ പതിറ്റാണ്ടുകളായി നിലവിലുള്ള ഏരിയ 51 എന്ന അമേരിക്കൻ സൈനിക താവളത്തെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചന സിദ്ധാന്തങ്ങളെ ഒബാമ തള്ളിക്കളഞ്ഞു. അന്യഗ്രഹജീവികളെക്കുറിച്ച് ചോദിച്ചപ്പോൾ “അവ യഥാർത്ഥമാണ്” എന്നായിരുന്നു മറുപടി.എന്നാൽ അവ എവിടെയാണെന്നോ എങ്ങനെയാണെന്നോ തനിക്ക് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്‍റായിരുന്ന കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.എന്നാൽ അന്യഗ്രഹജീവികളെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ഒബാമ വ്യക്തമാക്കി.

അമേരിക്കയിലെ നെവാഡയിലുള്ള അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളമാണ് ‘ഏരിയ 51’. തകർന്നുവീണ അന്യഗ്രഹ പേടകങ്ങളും അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളും അമേരിക്ക ഇവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിൽ നിരവധി കഥകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ട്.