ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേക്ക്

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം തേടിയിരിക്കുന്നത്. കേസിൽ പ്രത്യകേ അന്വേഷണ സംഘം (എസ്ഐടി) ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിക്ക് ജാമ്യം ലഭിക്കാനാകും സാധ്യത .

ദ്വാരപാലക ശിൽപ്പപാളികളുടെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസിൽക്കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങൾ കഴിയൂ.

ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ജയിലിൽ നിന്നു പുറത്തുറങ്ങിയിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസിൽ ഇന്ന് ജാമ്യാപേക്ഷ നൽകും.

അതേസമയം, ജയിലിൽ കഴിയുന്ന കണ്ഠര് രാജീവരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെല്ലിലാണ് അഡ്മിറ്റ് ചെയ്ത. ഇന്ന് ആൻജിയോഗ്രാം ചെയ്യുമെന്നാണ് വിവരം. ജയിലിൽ വെച്ച് തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.