ആഗോള അയ്യപ്പസംഗമത്തിന്‍റെ വരവ്-ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ എന്ന് ഓഡിറ്റ് റിപ്പോർട്ട്.

ശബരിമലയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്‍റെ വരവ്-ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി ഓഡിറ്റ് റിപ്പോർട്ട്. സ്പെഷ്യൽ കമ്മീഷണർ മുഖേന ദേവസ്വം ബോർഡ് സമർപ്പിച്ച റിപ്പോർട്ടിൽ ഏകദേശം 53 ലക്ഷം രൂപയുടെ കുറവുള്ളതായാണ് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നത്.

വിഷയത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് മറുപടി ആവശ്യപ്പെടുകയും കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തു. 2025 സെപ്റ്റംബറിൽ നടന്ന സംഗമത്തിന്‍റെ കണക്കുകൾ ഒരു മാസത്തിനുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനുവരി 8-ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്.

പരിപാടിക്കായി സ്പോൺസർഷിപ്പ് വഴി 4.25 കോടി രൂപ ലഭിച്ചുവെന്ന് സംഘാടകർ അവകാശപ്പെടുമ്പോഴും ചെലവ് ഇതിലും വളരെ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിന്‍റെ പണം എടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് തിരികെ അടയ്ക്കാമെന്ന വ്യവസ്ഥയിൽ രണ്ട് കോടി രൂപ ബോർഡ് ഫണ്ടിൽ നിന്നും വകയിരുത്തിയിരുന്നു.

എന്നാൽ ഈ തുക ഇതുവരെ തിരികെ അടച്ചിട്ടില്ലെന്നും പരിപാടിയുമായി ബന്ധപ്പെട്ട് മൂന്ന് കോടിയിലധികം രൂപയുടെ കടബാധ്യത നിലനിൽക്കുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം. ബില്ലുകളും വൗച്ചറുകളും ഹാജരാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച ഓഡിറ്റിംഗ് വൈകാൻ കാരണമായെന്നും ഊരാളുങ്കല്‍ സൊസൈറ്റി നൽകിയ ബില്ലുകളിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിലുള്ളതായാണ് സൂചന.

ആഗോള സംഗമത്തിന്‍റെ സാമ്പത്തിക കണക്കുകൾ അടിയന്തരമായി സെറ്റിൽ ചെയ്യേണ്ടതുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ വ്യക്തമാക്കി. ഭക്തരിൽ നിന്ന് ശേഖരിച്ച പണവും സ്പോൺസർഷിപ്പ് തുകയും എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് ബോർഡിന് വ്യക്തമായ ധാരണ വേണമെന്നും ഇതിന് കൃത്യമായ ഓഡിറ്റിംഗും പരിശോധനയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകൾ ബോധിപ്പിക്കാൻ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിച്ച പ്രസിഡന്റ്, ഈ മാസം പതിനേഴിന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം ഗൗരവമായി ചർച്ച ചെയ്യുമെന്നും ബന്ധപ്പെട്ടവരെ യോഗത്തിലേക്ക് വിളിച്ചുവരുത്തുമെന്നും അറിയിച്ചു. സാമ്പത്തിക ഇടപാടുകളിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കണമെന്നും ഭക്തരുടെ പണം ദുരുപയോഗം ചെയ്യരുതെന്നും കോടതി പല തവണ നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് അയ്യപ്പസംഗമം സംബന്ധിച്ച കണക്കുകളിലെ പൊരുത്തക്കേട് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം, ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പരിപാടിയുടെ വരവ്-ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും അയ്യപ്പന്‍റെ പേരിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആഗോള അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വ്യാജമാണെന്നും കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.

നിലവിൽ പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് കോടി രൂപയിലധികം സ്പോൺസർഷിപ്പ് തുകയായി ലഭിച്ചിട്ടും പരിപാടി കടബാധ്യതയിലാണെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ഈ തുക എങ്ങോട്ട് പോയെന്ന് വ്യക്തമാക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഇത്രയും വലിയ സാമ്പത്തിക തിരിമറി നടന്നത് ഗൗരവകരമാണെന്നും അഴിമതിയിൽ സർക്കാരിനും പങ്കുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെയും സംഘാടകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.