മലയാള സിനിമയിൽ ജോലി ചെയ്യുന്നവരുടെ പുതിയ കരാർ വ്യവസ്ഥ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു

സാങ്കേതിക പ്രവർത്തകരുടെ സേവന വേതന വ്യവസ്ഥയെ സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്‌കയും കരാറിൽ ഒപ്പിട്ടു.ഇന്ന്(10-02-2026) മുതൽ കരാർ പ്രാബല്യത്തിൽ വരും.മലയാള സിനിമ വ്യവസായത്തിലെ പ്രധാനപ്പെട്ട സംഘടനകളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ് കയും .നേരത്തെ ഇവർ തമ്മിൽ കരാറുണ്ടായിരുന്നു.മാറി വരുന്ന സാഹചര്യങ്ങൾ,നിർമ്മാണ ചെലവിൽ ഉണ്ടാവുന്ന വർദ്ധനവ്,തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ,എന്നിവ പരിഗണിച്ചാണ് ഇരു സംഘനകളും കരാർ പുതുക്കി നിശ്ചയിച്ചത്.ഈ വ്യവസ്ഥകൾ ചലച്ചിത്ര മേഖലയിലെ ക്രമബദ്ധത,ന്യായമായ വേതനം,തൊഴിൽ സുരക്ഷ,എന്നിവ ഉറപ്പാക്കുന്നതിനായി പ്രാബല്യത്തിൽ വരുത്തുന്നു എന്നാണ് ഇരു സംഘടനകളും അറിയിക്കുന്നത്.

ഇരു സംഘനകളും ചേർന്ന് തയ്യാറാക്കിയ വ്യവസ്ഥകളിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ബി രാകേഷ്, സെക്രട്ടറി ലിസ്റ്റിൻ സ്റ്റിഫൻ എന്നിവരും ഫെഫ് ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമാണ് ഒപ്പുവെച്ചത്.കരാറിൽ പറഞ്ഞിട്ടുള്ളവ താഴെ പറയുന്നു :

*ഫെഫ് കയിലെ എല്ലാ അംഗങ്ങളും നിർബന്ധമായും ഈ കരാർ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.
*ഈ കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ കോൾ ഷീറ്റുകൾ ,വേതന വ്യവസ്ഥകൾ അല്ലെങ്കിൽ മറ്റു സേവന നിബന്ധനകൾ അനുവദിക്കുന്നതല്ല.
*കരാറിൽ നിശ്ചയിച്ച വേതന നിരക്കുകൾക്ക് വിരുദ്ധമായ നിരക്കുകൾ യൂണിയനുകൾ പ്രിന്റ് ചെയ്ത് ചെയ്യുവാനും പാടുള്ളതല്ല.
*സിനിമ നിർമ്മാണത്തിൽ പ്രവർത്തിക്കുന്ന എല്ലാ സാങ്കേതിക വിദഗ്ദ്ധരും നിർബന്ധമായും ബന്ധപ്പെട്ട നിർമ്മാതാവുമായ ഔദ്യോഗിക കരാർ ഒപ്പിടേണ്ടതാണ് .ഷൂട്ടിങ് ആരംഭിക്കുന്ന തീയതി ,ഷൂട്ടിംഗ് ദിവസങ്ങൾ ,താരങ്ങളുടെയും ടെക്‌നീഷ്യന്റെയും എഗ്രിമെന്റ് ,ബജറ്റ് തുടങ്ങിയവ പ്രൊഡക്ഷൻ കൺട്രോൾ നിർമ്മാതാവിന് തയ്യാറാക്കി നൽകേണ്ടതാണ്.നിർമ്മാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ സമർപ്പിച്ച് ഷൂട്ടിംഗ് അനുമതി വാങ്ങിയ ശേഷമേ ഷൂട്ടിംഗ് ആരംഭിക്കുവാൻ പാടുള്ളൂ.അല്ലാതെ നടക്കുന്ന ഷൂട്ടിംഗുകളിൽ പങ്കെടുക്കുന്നവരുടെ വേതന കാര്യത്തിലോ,മറ്റു പ്രശ്നങ്ങളിലോ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ് കയും ഇടപ്പെടുന്നതല്ല.

*അഞ്ചു ലക്ഷം രൂപക്ക് മേൽ വേതനം വാങ്ങുന്ന എല്ലാവരും എഗ്രിമെന്റ് വച്ച് മാത്രമേ വർക്ക് ചെയ്യാൻ പാടുള്ളൂ.
*എഗ്രിമെന്റ് ഇല്ലാതെ വർക്ക് ചെയ്യുന്നവരും നിർമ്മാതാവുമായ തർക്കം ഉണ്ടായാൽ രണ്ട് അസോസിയേഷനുകളും ചേർന്ന് തീരുമാനിക്കുന്ന മിനിമം തുകയായിരിക്കും വേതനമായി കണക്കാക്കുക.
*മേക്കപ്പ്മാൻ,കോസ്റ്റ്യുമാർ ,ആർട്ട് ഡയറക്ടർ എന്നിവർ ഉറപ്പായും ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരിക്കേണ്ടതാണ്.
*യാത്രയിലോ ഏതെങ്കിലും കാരണവശാൽ മെസ്സിലെ ഫുഡ് എത്താതിരിക്കുന്ന സാഹചര്യം ഉണ്ടായാൽ ഓരോ അംഗങ്ങൾക്കും ഭക്ഷണം നൽകേണ്ട തുക ഇപ്രകാരമാണ്.ബ്രെക്ക് ഫാസ്റ്റ് 100 രൂപ,ലഞ്ച് 150 രൂപ,ഈവനിംഗ് 50 രൂപ,ഡിന്നർ 150 രൂപ .

*ഡ്രൈവർമാരുടെ വേതനം മറ്റുള്ളവർക്ക് എന്ന പോലെ കോൾ ഷീറ്റ് വ്യവസ്ഥയിലായിരിക്കും.
*ഷൂട്ടിംഗിനു ആവശ്യമായ ആളുകളെ കൃത്യ സമയത്ത് ലൊക്കേഷനിൽ എത്തിക്കേണ്ടത് ഡ്രൈവർമാരുടെ ചുമതലയാണ്.
*ഷൂട്ടിംഗിനു നിർമ്മാതാവിനു സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
*വേതനം സമയത്ത് നൽകാത്തത് സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായാൽ അസോസിയേഷനുകൾ ബന്ധപ്പെട്ട് അവരുടെ നിർദേശം അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ടതാണ്.
*നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന തൊഴിലാളികൾക്കെതിരെ ഫെഫ്‌ക കർശന നടപടി സ്വീകരിക്കേണ്ടതാണ്.
*ബാറ്റ എല്ലാ നിർമ്മാതാക്കളും 7 മുതൽ 10 ദിവസത്തിനുള്ളിൽ സെറ്റിൽ ചെയ്യേണ്ടതാണ്.
*ഏതെങ്കിലും ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായാൽ അസോസിയേഷനുകളുമായി ബന്ധപ്പെട്ട ശേഷം പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ ജോലി നിർത്തുവാൻ പാടുള്ളൂ.
*കരാറിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന നിർമ്മാതാക്കൾക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കർശനമായി നടപടി സ്വീകരിക്കുന്നതാണ്.
*കോൾ ഷീറ്റ് സമയം -നിലവിൽ നടന്നുവരുന്ന 16 മണിക്കൂർ ദൈർഖ്യമുള്ള *കോൾ ഷീറ്റ് ക്രമീകരണം 10-02-2026 മുതൽ 12 മണിക്കൂർ കോൾ ഷീറ്റ് സബ്രദായമായി പരിഷ്ക്കരിക്കുന്നു.

*കോൾ ഷീറ്റ് സമയം
6 എ എം -6 പി എം
7 എ എം -7 പി എം
8 എ എം-8പി എം
9എ എം-9 പി എം
2 പി എം -2 പി എം
6 പി എം -6 എ എം-
*ഒരു ദിവസത്തെ കോൾ ഷീറ്റ് സമയപരിധി നിർമാതാവ് /നിർമ്മാണ പ്രതിനിധി നിശ്ചയിക്കുന്നതായിരിക്കും.നിശ്ചയിക്കുന്ന സമയം മുതൽ 12മണിക്കൂർ ആയിരിക്കും കഴിവതും .ഒരു കോൾ ഷീറ്റിൽ ഷൂട്ടിംഗ് അവസാനിപ്പിക്കണം.പരമാവധി ഓവർ ടൈം നാലുമണിക്കൂറായി നിജപ്പെടുത്തണം.

  • കോൾ ഷീറ്റ്ആരംഭിക്കുവാൻ നിർദ്ദിഷ്ട സമയത്ത് എല്ലാ തൊഴിലാളികളും ജോലിക്ക് പൂർണമായും സജ്ജരായി ലൊക്കേഷനിൽ സന്നിഹിതരായിരിക്കണം .
    *കോൾ ഷീറ്റ് അവസാനിച്ച ശേഷം തൊഴിലാളികൾ മുറിയിലേക്കോ താമസസ്ഥലങ്ങളിലേക്കോ എത്തുവാൻ ചെലവാക്കുന്ന സമയം കൂടുതൽ ജോലി സമയം എന്ന് കണക്കാക്കുകയോ അധിക വേതനം ആവശ്യപ്പെടുകയോ ചെയ്യുവാൻ പാടില്ല .

ഇനിയും നിരവധി നിർദേശങ്ങൾ കരാറിലുണ്ട്.മുഴുവൻ ഇവിടെ വിശദീകരിക്കുന്നില്ല .സിനിമ നിർമ്മാതാവ് പുതിയ സിനിമ ആരംഭിക്കുന്നതിനു മുമ്പ് പുതിയ കരാർ വ്യവസ്ഥ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നോ ഫെഫ്‌കയിൽ നിന്നോ പ്രൊഡക്ഷൻ കൺട്രോൾ മുഖാന്തിരം ശേഖരിക്കേണ്ടതാണ് .