അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ മേൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ നിരോധനം അഞ്ചാം വർഷത്തിലേക്ക്

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ ശേഷം പെൺകുട്ടികളുടെ മേൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ നിരോധനം അഞ്ചാം വർഷത്തിലേക്ക് കടക്കുന്നു .ഈ കാടൻ നയം മൂലം ലക്ഷക്കണക്കിന് പെൺകുട്ടികളുടെ ഭാവിയാണ് ഇരുളടഞ്ഞതായത് . ഇസ്ലാമിക ഭീകരരായ താലിബാൻ നയിക്കുന്ന ഭരണകൂടത്തിന്റേതാണ് ഈ അപരിഷ്‌കൃത നിയമം.

2021 ഓഗസ്റ്റിലാണ് അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് .അതിനു പിന്നാലെ ആരംഭിച്ച നിയന്ത്രണങ്ങൾ ഇപ്പോൾ പൂർണ്ണമായ വിലക്കിൽ എത്തിനിൽക്കുകയാണ് . അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും പെൺകുട്ടികൾക്ക് സ്കൂളുകളുടെയും സർവകലാശാലകളുടെയും വാതിലുകൾ തുറന്നുകൊടുക്കാൻ താലിബാൻ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല.

ഐക്യരാഷ്ട്രസഭയുടെയും യുനെസ്കോയുടെയും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏകദേശം 2.2 ദശലക്ഷത്തിലധികം പെൺകുട്ടികളാണ് സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്നും പുറത്തായത്. ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് പഠനാനുമതി ഇല്ലെന്ന നിയമം കർശനമായി നടപ്പിലാക്കുന്നതിലൂടെ ഒരു തലമുറയുടെ തന്നെ സ്വപ്നങ്ങളാണ് കരിഞ്ഞു പോകുന്നത്.

ആദ്യഘട്ടത്തിൽ ഹൈസ്കൂളുകളിൽ മാത്രമായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നതെങ്കിൽ, പിന്നീട് അത് സർവകലാശാലാ തലത്തിലേക്കും വ്യാപിപ്പിച്ചു. 2022 ഡിസംബറിൽ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെ അഫ്ഗാൻ യുവതികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

ഇസ്ലാം മതം അനുശാസിക്കുന്ന വസ്ത്രധാരണ രീതിയും നിയമങ്ങളും പാലിക്കുന്നില്ലെന്ന വിചിത്രമായ വാദമാണ് താലിബാൻ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇത് കേവലം പ്രാകൃതമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും സ്ത്രീകളെ പൊതുസമൂഹത്തിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്താനുള്ള തന്ത്രമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.