കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഒമ്പതാമത് ബജറ്റിൽ ഏറ്റവും പ്രധാനപ്പെട്ടവ എന്തൊക്കെയാണ്.? ‘വികസിത് ഭാരതം’ എന്ന ലക്ഷ്യം മുൻനിർത്തി രാജ്യം കൈവരിക്കേണ്ട മൂന്ന് പ്രധാന ‘കർത്തവ്യങ്ങളെ’ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്.. സാമ്പത്തിക വളർച്ച സുസ്ഥിരമാക്കുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, എല്ലാവരെയും വികസന പങ്കാളികളാക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ.

- മൂന്ന് പ്രധാന കർത്തവ്യങ്ങൾ
ബജറ്റ് പ്രസംഗത്തിൽ മൂന്ന് അടിസ്ഥാന കർത്തവ്യങ്ങൾക്ക് ധനമന്ത്രി ഊന്നൽ നൽകി:
സാമ്പത്തിക വളർച്ച: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുക.
ജനസേവനം: ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവരെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാക്കുക.
സബ് കാ സാത്ത് സബ് കാ വികാസ്: എല്ലാ മേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും വികസനം എത്തിക്കുക.

- നിർദിഷ്ട മേഖലകളിലെ ഉൽപ്പാദനം വർധിപ്പിക്കുക, പരമ്പരാഗത വ്യവസായ മേഖലകളെ പുനരുജീവിപ്പിക്കുക, എംഎസ്എംഇ മേഖലയിൽ മികച്ച സംരംഭങ്ങളെ സൃഷ്ടിക്കുക, ഇൻഫ്രാസ്ട്രക്ചർ മേഖലയ്ക്ക് ശക്തമായ ഉത്തേജനം നൽകുക, ദീർഘകാല സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, നഗര കേന്ദ്രീകൃത സാമ്പത്തിക മേഖലകൾ വികസിപ്പിക്കുക എന്നിങ്ങനെ ആറ് പ്രധാന മേഖലകളിലെ ഇടപെടലുകൾ സീതാരാമൻ നിർദേശിച്ചു.
- ഖാദി കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ധനമന്ത്രി നിർദ്ദേശിച്ചു. “ചലഞ്ച് മോഡിൽ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഞാൻ നിർദേശിക്കുന്നു. ഖാദിയെയും കൈത്തറിയെയും ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതിക്ക് തുടക്കം കുറിക്കാനും ഞാൻ നിർദേശിക്കുന്നു,” അവർ പറഞ്ഞു.
- ബഹിരാകാശ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒരു നാഷണൽ ഫൈബർ സ്കീം ധനമന്ത്രി നിർമ്മല സീതാരാമൻ നിർദേശിച്ചു.
- എംഎസ്എംഇകളെ (ചെറുകിട-ഇടത്തരം സംരംഭങ്ങൾ) സഹായിക്കുന്നതിനായി സെൽഫ് റിലയന്റ് ഇന്ത്യ ഫണ്ടിന് 2026-27 സാമ്പത്തിക വർഷത്തിൽ 4,000 കോടി രൂപ അധികമായി നൽകാൻ ധനമന്ത്രി നിർദേശിച്ചു.
- ടയർ 2, ടയർ 3 നഗരങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം സർക്കാർ തുടരുമെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തിൽ അറിയിച്ചു.
- ബാങ്കിങ് മേഖല: വികസിത് ഭാരതത്തിനായി ബാങ്കിങ് മേഖലയിൽ ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ നിർദേശിച്ചു. ബാങ്കിങ് മേഖലയെ അവലോകനം ചെയ്യാനും ഇന്ത്യയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയുമായി ഇതിനെ ഏകോപിപ്പിക്കാനുമാണ് സമിതി ലക്ഷ്യമിടുന്നത്.
- അതിവേഗ ഇടനാഴികൾ: നഗരങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനായി 7 അതിവേഗ ഇടനാഴികൾ വികസിപ്പിക്കാൻ ധനമന്ത്രി നിർദേശിച്ചു.
- ആരോഗ്യം (ആയുർവേദം): മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും.
- പരിസ്ഥിതി: കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി അടുത്ത 5 വർഷത്തിനുള്ളിൽ 20,000 കോടി രൂപ അനുവദിക്കും.
- ആയുഷ് മേഖല: ആയുഷ് ഫാർമസികളുടെയും ഡ്രഗ് ടെസ്റ്റിങ് ലാബുകളുടെയും നവീകരണം, ജാംനഗറിലെ ഡബ്ല്യുഎച്ച്ഒ ട്രഡീഷണൽ മെഡിസിൻ സെന്റർ എന്നിവ നടപ്പിലാക്കും.
- വിദ്യാഭ്യാസം: പ്രധാന വ്യാവസായ ലോജിസ്റ്റിക് കേന്ദ്രങ്ങൾക്ക് സമീപം 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രം പിന്തുണ നൽകും.
- ഖേലോ ഇന്ത്യ മിഷൻ: കായിക മേഖലയെ മാറ്റിമറിക്കാൻ ഖേലോ ഇന്ത്യ മിഷൻ വഴി ഏകോപിപ്പിച്ച ടാലന്റ് ഡെവലപ്‌മെന്റ് പാത്ത്‌വേ, പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനുമായി ചിട്ടയായ വികസന പദ്ധതികൾ, മത്സരങ്ങൾ, ലീഗുകൾ, പരിശീലനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവ നടപ്പിലാക്കും.
- ടൂറിസം: 20 ഐക്കണിക് വിനോദസഞ്ചാര കേന്ദ്രങ്ങളിലായി 10,000 ഗൈഡുകളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് പൈലറ്റ് പദ്ധതി ആരംഭിക്കും. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പരിസ്ഥിതി സൗഹൃദ പാതകൾ വികസിപ്പിക്കും.
- വനിതാ ക്ഷേമം: രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കായി ഹോസ്റ്റലുകൾ സ്ഥാപിക്കാൻ ധനമന്ത്രി നിർദേശിച്ചു.
- കിഴക്കൻ മേഖലയുടെ വികസനം: ദുർഗാപൂരിൽ ഒരു പ്രധാന നോഡോട് കൂടിയ ഈസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ കോറിഡോർ വികസിപ്പിക്കും. 5 പൂർവോദയ സംസ്ഥാനങ്ങളിലായി 5 വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കും. വടക്കുകിഴക്കൻ മേഖലയിലെ ബുദ്ധമത കേന്ദ്രങ്ങളിലേക്ക് ഇ-ബസുകൾ അനുവദിക്കും.
- വനിതാ സംരംഭകത്വം: സ്ത്രീ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ‘ഷീ മാർട്ട്സ്’ സ്ഥാപിക്കും.
- മാനസികാരോഗ്യം: ഉത്തരേന്ത്യയിലെ മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ‘നിംഹാൻസ് 2’ പ്രഖ്യാപിച്ചു. റാഞ്ചിയിലെയും തേസ്പൂരിലെയും ഇൻസ്റ്റിറ്റ്യൂട്ടുകൾ നവീകരിക്കും.
- ദാരിദ്ര്യനിർമ്മാർജ്ജനം: ഏകദേശം 25 കോടി ആളുകൾ ബഹുതല ദാരിദ്ര്യത്തിൽ നിന്ന് മുക്തരായതായി ധനമന്ത്രി അറിയിച്ചു.
- നികുതി ഇളവ്: 17 തരം മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.

കേന്ദ്ര ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ സാരി എന്നും കൗതുകത്തോടെയാണ് രാജ്യം ഉറ്റുനോക്കാറുള്ളത്. ഒമ്പതാം ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയ ധനമന്ത്രി ഇത്തവണയും തന്റെ വസ്ത്രധാരണത്തിലൂടെ ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ചു. തമിഴ്‌നാടിന്റെ തനത് നെയ്ത്ത് ശൈലി വിളിച്ചോതുന്ന മനോഹരമായ കാഞ്ചീപുരം പട്ടുസാരി ധരിച്ചാണ് മന്ത്രി സഭയിലെത്തിയത്.

