ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് പ്രതിസന്ധിയിലേക്കോ പ്രതിരോധത്തിലേക്കോ ?

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ എൽ ഡി എഫാണ് പ്രതി സ്ഥാനത്ത് നിന്നിരുന്നെങ്കിൽ വരും ദിവസങ്ങളിൽ യുഡിഎഫ് പ്രതിരോധത്തിലാവും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ്‌ഐടി ചോദ്യം ചെയ്യുന്നതോടെയാണ് ഈ മാറ്റം സംഭവിക്കുക.

അറസ്റ്റിലായ ഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്‌ഐടി തയ്യാറാക്കിയതിന് പിന്നാലെയാണ് നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോകുമ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്തെത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയാ ഗാന്ധിയുടെ വസതിയിൽ രണ്ട് വട്ടം സന്ദർശനം നടത്തിയതായാണ് വിവരം. ഇതിൽ ഒരു തവണ അടൂർ പ്രകാശും മറ്റൊരു തവണ ആന്റോ ആന്റണി എംപിയുമാണ് ഒപ്പമുണ്ടായിരുന്നത്. തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം. എന്നാൽ അപ്പോയിന്റ്മെന്റ് ലഭിക്കാൻ പ്രയാസമുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര വേഗത്തിൽ എങ്ങനെ സാധിച്ചു എന്നത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.