എസ്എന്‍ഡിപി – എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇരു സമുദായ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നു. എസ്എന്‍ഡിപിയുമായി വിവിധ വിഷയങ്ങളില്‍ യോജിപ്പുണ്ടെന്നും ജി സുകുമാരന്‍ നായര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് ചേര്‍ന്ന എസ്എന്‍ഡിപി നേതൃയോഗം അംഗീകാരം നല്‍കിയെന്ന് വെള്ളാപ്പള്ളി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജി സുകുമാരന്‍ നായരുടെ പ്രതികരണം.

ഐക്യം സംബന്ധിച്ച ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എന്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ ഊന്നിയായിരിക്കും മുന്നോട്ട് പോകുക. രാഷ്ട്രീയം , മത, സമുദായ ഐക്യം എന്നിവയില്‍ എന്‍എസ്എസ് എടുത്തിട്ടുള്ള നിലപാട് ഐക്യത്തിന് വിഷയമാകും. സമദൂരമാണ് എന്‍എസ്എസിന്റ രാഷ്ട്രീയ നിലപാടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഐക്യം തുടരും. വ്യക്തികളുടെ താത്പര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യാം. എന്നാല്‍, ജാതി സെന്സെസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യത്തിനെതിരായ വിമര്‍ശങ്ങള്‍ പുച്ഛത്തോടെ തള്ളുന്നു. എസ്എന്‍ഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എസ്എന്‍ഡിപി പ്രതിനിധികളുമായി സംസാരിച്ച് ഐക്യത്തില്‍ തീരുമാനം കൊക്കൊള്ളും. ചര്‍ച്ച കഴിഞ്ഞിട്ട് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ച് വിശദീകരിക്കും.

ഇതിന് ശേഷമായിരിക്കും തീരുമാനം. ഐക്യമെന്നത് ഉറപ്പാണ്. ഐക്യം എന്ന ആശയത്തോട് യോജിക്കുന്നത് വ്യക്തിപരമായാണ്. അത് എന്‍എസ്എസിന്റെ യോഗത്തില്‍ അവതരിപ്പിച്ച് അത് അംഗീകരിച്ച് എടുപ്പിക്കുക എന്നത് ഔദ്യോഗിക ചുമതലയാണ്. എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുസമുദായത്തിലെ പ്രബലസമുദായങ്ങളാണ്. അവര്‍ യോജിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് വെള്ളാപ്പള്ളി ഉന്നയിക്കുന്നു. നമ്മള് അത് സ്വാഗതംചെയ്യുന്നു എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

