മണപ്പാട്ട് ഫൗണ്ടേഷനും വി.ഡി സതീശനും തമ്മിലുള്ള ബന്ധം എന്തെന്ന് വിജിലൻസ്

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിദേശയാത്ര ചെലവ് വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. പദ്ധതിയ്ക്കായി ഫൗണ്ടേഷന്‍ പുതിയ ബാങ്ക് അക്കൗണ്ട് തുറന്നുവെന്നും പണം സ്വരൂപിച്ച ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ എംഒയു ഒപ്പ് വെക്കാത്തത് സംശയാസ്പദമെന്നും വിജിലന്‍സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

യാത്രയിലെ വി.ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷൻ ആണ്. പുനർജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 മുതൽ 2022 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

‘പുനർജനി’ സ്പെഷ്യൽ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആർഎ/കറന്റ് അക്കൗണ്ട് വഴിയും ആണ് പണം സ്വരൂപിച്ചത്. അതേസമയം യുകെയിലെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും ആ പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്.

ഒമാൻ എയർവെയ്‌സ് നൽകിയ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണ് വി.ഡി സതീശൻ യുകെയിലേക്ക് പോയതും തിരികെ വന്നതും. മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. ഈ ടിക്കറ്റിന് ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്.

വി.ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചതും മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ട്. യുകെ യാത്രയ്ക്ക് പിന്നിൽ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദും വി.ഡി സതീശനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നുവെന്നാണ് വിജിലൻസ് സംശയിക്കുന്നത്.