എസ് ഡി പിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയുടെ ഭാഗമായതെന്ന് സാബു എം ജേക്കബ്. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും സാബു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. സ്വതന്ത്രമായി നിന്നാല്‍ മതിയെന്ന് പറഞ്ഞവരുണ്ട്. യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല, ഭൂരിഭാഗം പേരും എന്‍ഡിഎയ്ക്കൊപ്പം ചേരണമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് യുക്തമായ തീരുമാനം എടുക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ട്വന്റി 20 എന്ന പാര്‍ട്ടി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് മാറി, ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന സാഹചര്യത്തിലേക്ക് വളര്‍ന്നു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പ് ആയിട്ടാണ് തങ്ങള്‍ കാണുന്നത്. ഏഴുപതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി ഭരിച്ച് ഇടതും വലതും 50 വര്‍ഷം പുറകിലോട്ട് കൊണ്ടുപോയി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോകുകയാണ്. ആന്ധ്ര വികസനത്തില്‍ മുന്നേറാന്‍ കാരണമായത് കേന്ദ്രം ഭരിക്കുന്ന സഖ്യകക്ഷിയുടെ ഭാഗമായിട്ടാണ്. ഇന്ന് ലക്ഷക്കണക്കിന് വിദേശനിക്ഷേപമാണ് അവിടേക്ക് ഒഴുകുന്നത്. ഈ ഒരു സഖ്യത്തിലൂടെ എന്തുകൊണ്ട് കേരളം ആന്ധ്രാപ്രദേശ് ആയിക്കൂടാ?, ഗുജറാത്ത് ആയിക്കൂടാ?, ഇന്ത്യയിലെ വികസനം പ്രാപിക്കുന്ന സംസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സാബു പറഞ്ഞു

സിപിഎമ്മും കോണ്‍ഗ്രസും ട്വന്റി 20 എന്‍ഡിഎയിലേക്ക് പോയതില്‍ മുതലകണ്ണീര്‍ ഒഴുക്കുകയാണ്. പരസ്പരം തെറിവിളിച്ചവര്‍ ഒരേ വാഹനത്തില്‍ അരിവാളും കൈപ്പത്തിയുമുള്ള ചിഹ്നം കെട്ടി കൊടിയുമായി പോയപ്പോള്‍ ഇവരുടെ ആശയം എവിടെപ്പോയി?. ഒരുതവണയല്ല തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുന്ന സര്‍ക്കാരിനോടാണ് ഞങ്ങള്‍ സഖ്യം ഉണ്ടാക്കിയത്. അല്ലാതെ കേരളം കട്ടുമുടിച്ച് നശിപ്പിച്ച് ഇന്നത്ത സാഹചര്യമാക്കിയ ഇടതിനോടോ വലതിനോട അല്ലെന്നും സാബു പറഞ്ഞു.
