പോലീസ് അക്കാദമി കാമ്പസിൽ ചന്ദനമോഷണം;കള്ളൻ അകത്തോ പുറത്തോ ?

കേരള പോലീസ് അക്കാദമി കാമ്പസിൽ ചന്ദനമോഷണം. കാമ്പസിനുള്ളിലെ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി. ഡിസംബർ 25നും ജനുവരി മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

30 വർഷം പഴക്കമുള്ള ചന്ദനമരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടാക്കൾ മുറിച്ചുകടത്തിയതെന്നാണ് വിവരം. ‌കർശന സുരക്ഷാസംവിധാനങ്ങളുള്ള പോലീസ് അക്കാദമി കാമ്പസിൽനിന്ന് ഇത്തരത്തിൽ ചന്ദനമരം മോഷ്ടിച്ചത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഏക്കറുക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ പലയിടത്തും സിസിടിവികളില്ല. ഏതുവഴിയാണ് ചന്ദനമരങ്ങൾ കടത്തിയതെന്നോ എന്നാണ് കടത്തിയതെന്നോ കൃത്യമായ വിവരവും ഇതുവരെയും ലഭ്യമായിട്ടില്ല‌. നേരത്തെ അക്കാദമി വളപ്പിൽനിന്ന് തേക്ക് മരങ്ങളും മുറിച്ചുകടത്തിയിരുന്നു. 2009ൽ പിസ്റ്റളുകൾ മോഷണം പോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.