നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് എന്‍ഡിടിവി സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണ പിണറായി വിജയനെക്കാള്‍ ജനപിന്തുണ വിഡി സീശനാണെന്നും സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യത്തിന് ജനങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. 22.4% പേര്‍ വിഡി സതീശനെ പിന്തുണച്ചപ്പോള്‍ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. കെകെ ശൈലജയാണ് മൂന്നാമത്.

കെകെ ശൈലജയ്ക്ക് 16.9 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനം പേരുടെയും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനം പേരുടെയും പിന്തുണയുണ്ട്. നേതൃത്വത്തിലുള്ള ജനപിന്തുണ പരിശോധിക്കുമ്പോള്‍, യുഡിഎഫ് നേതാക്കളായ വി.ഡി. സതീശന്‍, ശശി തരൂര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്ക് എല്‍ഡിഎഫ് നേതാക്കളേക്കാള്‍ ഉയര്‍ന്ന പിന്തുണയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ടുവിഹിതത്തിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും സര്‍വേ പറയുന്നു. യുഡിഎഫിന് 32.7 ശതമാനവും എല്‍ഡിഎഫിന് 29.3 ശതമാനവും എന്‍ഡിഎയ്ക്ക് 19.8 ശതമാനവുമാണ് വോട്ടുവിഹിതം. എങ്കിലും 42 ശതമാനം വോട്ടര്‍മാരും കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ ഒരു പ്രധാന ആശങ്കയായി കാണുന്നുവെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രകടനത്തില്‍ പകുതിയിലധികം ജനങ്ങളും അതൃപ്തരാണ്. ഏകദേശം 52 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശം അല്ലെങ്കില്‍ വളരെ മോശം ആണെന്ന് അഭിപ്രായപ്പെട്ടു. 40 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതെന്ന് രേഖപ്പെടുത്തിയത്.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഈ വര്‍ഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാകും. മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ ഇത്തവണ ഭരണംപിടിച്ചേ മതിയാകൂ എന്ന തീരുമാനത്തിലാണ് യുഡിഎഫ്.

