തെരുവുനായ വിഷയത്തില്‍ മൃഗസ്നേഹികളെ വീണ്ടും പരിഹസിച്ച് സുപ്രീംകോടതി. സ്ഥാപന പരിസരത്തെ നായ്ക്കളെ നേരിടാന്‍ പൂച്ചകളെ വളര്‍ത്താമെന്നായിരുന്നു സുപ്രീംകോടതിയുടെ പരിഹാസം. നായ്ക്കളും പൂച്ചകളും ശത്രുക്കളാണല്ലോ എന്നും കോടതി ചോദിച്ചു. കഴിഞ്ഞ ദിവസവും സുപ്രീംകോടതി ഈ വിഷയത്തില്‍ പരിഹസിച്ചിരുന്നു. കടിക്കാതിരിക്കാന്‍ ഇനി നായ്ക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ബാക്കിയുള്ളതെന്നായിരുന്നു കോടതി പരിഹസിച്ചത്.

തെരുവുനായ പ്രശ്‌നം ഒഴിവാക്കാന്‍ നായ്ക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണോയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം. ഒരു നായ കടിക്കാനുള്ള മൂഡിലാണെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. സ്‌കൂളുകള്‍. ആശുപത്രികള്‍, കോടതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായ്ക്കള്‍ എന്തിന് ഉണ്ടാകണമെന്നും ഇത്തരം സ്ഥലങ്ങളില്‍ നിന്ന് നായ്ക്കളെ മാറ്റുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചിരുന്നു.

അതേസമയം, തെരുവുനായ്ക്കള്‍ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്ന മൃഗസ്‌നേഹികളുടെ വാദം കോടതി തള്ളി. തെരുവുകളില്‍ നിന്ന് നായ്ക്കളെ നീക്കം ചെയ്യാനല്ല, നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നാണ് നിര്‍ദേശമെന്നും സുപ്രീംകോടതി പറഞ്ഞു.
