കുറ്റപത്രം എന്തുകൊണ്ട് വൈകുന്നു ;എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള: ‘പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു?’; കുറ്റപത്രം വൈകുന്നതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി.

ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. കുറ്റപത്രം നൽകാൻ വൈകുന്നത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നു. ഇത് ഗുരുതര വിഷയമാണ്. ഇങ്ങനെയായാൽ പൊതുജനങ്ങൾക്ക് സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു. കേസിൽ പൊലീസ് പ്രതി ചേർത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജിയിലെ വാദത്തിനിടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ വിമർശനം.

പ്രതികൾക്ക് എങ്ങനെയാണ് സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. എല്ലാ പ്രതികളും ഏറെക്കുറെ 90 ദിവസം റിമാൻഡിൽ ആകുന്നു. എന്നാൽ കുറ്റപത്രം നൽകാത്തത് മൂലം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എത്രയും വേ​​ഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.