അടങ്ങാ കാളയായി റോബർട്ട് മാസ്റ്റർ നായകനാവുന്ന ‘ സെവല കാള ‘ യുടെ ഫസ്റ്റ് ലുക്ക് എത്തി!

നടനും നൃത്ത സംവിധായകനുമായ റോബർട്ട് മാസ്റ്റർ നായകനാവുന്ന ആക്ഷൻ എൻ്റർടെയിനറായ ‘ സെവല കാള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്ത് വിട്ടു. വയലൻസ് മൂഡിലുള്ള ആക്ഷൻ ചിത്രമാണെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. സെവല കാള എന്നാൽ അടങ്ങാത്ത കാള എന്നാണ് അർഥം.സംവിധാന സഹായികളായി പ്രവർത്തിക്കാതെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സിനിമാ പ്രവേശം നടത്തിയ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബുരാജ് എന്നിവരെ പോലെ ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായി സിനിമയിലേക്ക് ചുവട് വെക്കുന്ന പോൾ സതീഷ് ‘ സെവല കാള ‘ യുടെ രചനയും സംവിധാനവും നിർവഹിക്കുന്നു.മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ആക്ഷൻ, പ്രണയം, കോമഡി, സെൻ്റിമെൻ്റ് എന്നിങ്ങനെ ഒരു വിനോദ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്താണ് നവാഗതനായ പോൾ സതീഷ് ‘ സെവല കാള ‘ ക്ക് ദൃശ്യാവിഷ്കാരം നൽകുന്നത്. ഇതിൽ മുരടൻ നായകനായി റോബർട്ട് മാസ്റ്ററും വില്ലനായി സമ്പത്ത് റാമും അഭിനയിക്കുന്നു. ഉത്തരേന്ത്യൻ നടിയായ മീനാക്ഷി ജെയ്‌സാലാണ് നായിക. തമിഴ് സിനിമയിലെ നായക നിരയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ഈ ചിത്രത്തിലൂടെ റോബർട്ട് മാസ്റ്റർ. ആർ.രാജാമണി ഛായാഗ്രഹണവും പ്രിഥ്വി സംഗീത സംവിധാനവും നിർവഹിക്കുന്നു. അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്. ശങ്കർ മഹാദേവൻ, അനുരാധ ശ്രീറാം, പ്രസന്ന, മുകേഷ്, വേൽമുരുകൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ‘ സ്പീയേർസ് ‘ സതീഷ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. കെ. വി. ബാലൻ സഹസംവിധായകൻ.
വിങ്സ് പിക്ചേഴ്സിൻ്റെ ബാനറിൽ പോൾ സതീഷും, ജൂലിയും ചേർന്നാണ് ‘ സെവല കാള ‘ നിർമ്മിക്കുന്നത്.

സി.കെ.അജയ് കുമാർ