ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എംഎല്‍എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തരുര്‍ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃ ക്യംപിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. പാര്‍ട്ടി ലൈനില്‍ നിന്ന് താന്‍ ഒരിക്കലും അകന്നുപോയിട്ടില്ലെന്നും മോദിയെ പുകഴ്ത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.

‘ഇത്തവണ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച് വിജയം നേടും. പാര്‍ട്ടി എപ്പോഴും എന്റെയൊപ്പം നില്‍ക്കുന്നു. താന്‍ പാര്‍ട്ടി ലൈന്‍ വിട്ടിട്ടില്ല. ഏത് വിഷയത്തിലും തന്റെതായ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും അടിസ്ഥാന പരമായ വിഷയങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. പാര്‍ലമെന്റിലെ എന്റെ പ്രസംഗങ്ങളും ചോദ്യങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു വിയോജിപ്പുമുണ്ടാകുന്നതല്ല. ഞാന്‍ വെളിയില്‍ പറയുന്ന ചില കാര്യങ്ങള്‍ മാധ്യമങ്ങള്‍ വിവാദമാക്കുമ്പോള്‍ അതിന്റെ ഹെഡ് ലൈന്‍നോക്കി മാത്രം ചിലര്‍ കമന്റ് അടിക്കുന്നു. പൂര്‍ണമായി വായിച്ചോ എന്ന് ചോദിച്ചാല്‍ അവര്‍ ഇല്ലെന്ന് പറയും. വായിച്ച ശേഷം അവര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ തുടങ്ങി. ഇപ്പോള്‍ അങ്ങനെ ഒരുപ്രശ്‌നമേയില്ല. സ്‌നേഹബന്ധത്തോടെയാണ് എല്ലാ കാര്യങ്ങളും.17 വര്‍ഷം ഒന്നിച്ച് പ്രവര്‍ത്തിച്ച ശേഷം തെറ്റിദ്ധാരണ വേണ്ട’ തരൂര്‍ പറഞ്ഞു.

‘ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഞാന്‍ ദേശീയ നേതൃത്വത്തിന് വേണ്ടി മത്സരിച്ചു. തോറ്റു. അതോടെ ആ കഥ കഴിഞ്ഞു. മത്സരിച്ചതില്‍ ഒരു പ്രശ്‌നം കാണുന്നില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ പല തെരഞ്ഞെടുപ്പും നടന്നിട്ടുണ്ട്. താന്‍ മാത്രമല്ലല്ലോ പരാജയപ്പെട്ടത്. എല്‍കെ അഡ്വാനിയുടെ 98ാം വയസില്‍ പിറന്നാള്‍ ദിനത്തില്‍ പ്രായമുള്ള ഒരോളോട് കാണിക്കുന്ന മര്യാദ കാണിച്ചുവെന്നെയുള്ളു. അന്നേദിവസം രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ഇങ്ങനെ തന്നെയായിരുന്നു. പ്രായമുള്ളവരെ ബഹുമാനിക്കുന്നതാണ്് നമ്മുടെ സംസ്‌കാരം. മോദിയെ താന്‍ എവിടെയും പ്രശംസിച്ചിട്ടില്ല. എല്ലാവരും ഒരു ഹെഡ് ലൈന്‍ കണ്ട് ആണ് വാര്‍ത്തയുണ്ടാക്കുന്നത്. ആയിരം വാക്കുകളില്‍ നിന്ന് ഒരുവാക്ക് മാത്രമെടുക്കുമ്പോള്‍ ഉണ്ടാകുന്നതാണ് അത്.

എംപിമാര്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടാകും. കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടും 56 സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി. ഇത്തവണ അതിലേറെ പ്രചാരണ രംഗത്തുണ്ടാകും. പാര്‍ട്ടി ഒറ്റക്കെട്ടായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം ശക്തമായി പ്രവര്‍ത്തിക്കും. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എത്ര സീറ്റെന്ന് പറയാനില്ല. പ്രതിപക്ഷ നേതാവ് നൂറ് എന്നാണ് പറഞ്ഞത്. അത് ഒരുനല്ല സംഖ്യയാണ്’ – തരൂര്‍ പറഞ്ഞു. കേരള മോഡല്‍ എന്നത് ഇപ്പോള്‍ കടത്തിന്റെ മോഡല്‍ ആയി മാറിയെന്നും വികസനത്തിനെക്കാള്‍ കൂടുതല്‍ തുക ചെലവാക്കുന്നത് പലിശയ്ക്കാണെന്നും തരൂര്‍ പറഞ്ഞു.

