മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ‘സർവം മായ’ – സർവ്വം ശാന്തത -എന്ന സിനിമയെ കുറിച്ചെഴുതിയ റിവ്യൂ

ആഭിചാരങ്ങളിൽ നിമഗ്നമാണ് ഇന്നും സമൂഹം. ഈശ്വരസങ്കല്പത്തെക്കുറിച്ചും അലൗകിക ശക്തികളെക്കുറിച്ചും ഭൂതപ്രേതാദികളെക്കുറി ച്ചുമൊക്കെയുള്ള വിശ്വാസം വ്യത്യസ്തമായിത്തന്നെ മനുഷ്യൻ ഇന്നും തുടരുന്നുവരുന്നു.

സത്യത്തിൽ ഇതെല്ലാം ആത്മസ്രഷ്ടമാണെന്ന അഭിപ്രായമാണ് എൻ്റേത്. അതായത് നമ്മെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമൊക്കെയായി നമ്മൾ തന്നെ നേരും നന്മയുമൊക്കെ സൃഷ്‌ടിച്ചെടുക്കുന്നു.

നമുക്കു ചെയ്യാൻ ആഗ്രഹമുള്ളതും എന്നാൽ ചെയ്യാൻ കഴിയാത്തതുമായ കാര്യങ്ങൾ സ്വപ്നങ്ങളായും ദിവാസ്വപ്നങ്ങളായും നമ്മുടെ ഭാവന നിരന്തരം വളർത്തിയെടുക്കും. എല്ലാം നിയന്ത്രിക്കാൻ കഴിയുന്ന, ഉള്ളിൽ വളർത്തിയെടുക്കുന്ന ആ മൂന്നാമൻ നമ്മൾ തന്നെയാണ് അതുകൊണ്ടുതന്നെയാണ് ദൈവവും പിശാചുമൊക്കെ നമ്മുടെ ഉള്ളിൽത്തന്നെയാണ് എന്നു പറയുന്നതും.

ഭൂതപ്രേത പിശാചുക്കളും പ്രാപഞ്ചികശക്തികളും നമ്മെ നിയന്ത്രിക്കുന്നുണ്ടെന്ന വിശ്വാസം പ്രാചീന മനുഷ്യരിൽപ്പോലും ഉണ്ടായിരുന്നു. അതിൽ നിന്നാവാം ഭയം ഉടലെടുത്തതും. ഇത്തരത്തിലുള്ള ചിന്തകളും ചർച്ചകളും പലരീതിയിലും ഇപ്പോഴും നടക്കുന്നുണ്ട്. കഥകളായും കവിതകളായും പെയിൻ്റിങ്ങുകളായും മറ്റു കലാരൂപങ്ങളായുമൊക്കെ അത് ഉയർന്നുവന്നിട്ടുമുണ്ട്. അതിൻ്റെ വിഭിന്നമായ
ആശയാവിഷ്കാരമാണ് അഖിൽ സത്യൻ്റെ സർവ്വം മായ എന്ന സിനിമയും.

ഭയപ്പെടുത്താൻ മാത്രമല്ല, ഏറ്റവും തീവ്രമായി പ്രണയിക്കാനും ആത്മാവിനാവും എന്ന തരളിത കൗതുകത്തെ അഖിൽ സത്യൻ പ്രമേയമാക്കിയപ്പോൾ അതൊരു മനോഹരമായ ചലചിത്രമായി.

നിവിൻപോളിയുടെ രണ്ടാംവരവിന് ഈ സിനിമ കളമൊരുക്കിയെന്നാണ് ചർച്ചകൾ. എന്നാൽ പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം നമ്മോടൊപ്പമിവിടെത്തന്നെയുണ്ടായിരുന്നു. സർവ്വംമായയിലെ പ്രൗഢമായ അഭിനയം ആ മികവിനെ ഒന്നുകൂടി ഉയർത്തിക്കാണിച്ചു. അതുകൊണ്ടാണ് ‘പ്രഭേന്ദു’ ഒരിക്കലും പറന്നുപോകാത്ത തരത്തിൽ നമ്മുടെ മനസ്സിൽ ചേക്കേറിയത്.

റിയ സാബുവെന്ന പെൺകുട്ടി അഭിനയിക്കുകയാണെന്ന് ആർക്കും തോന്നില്ല. സിനിമ കണ്ടിറങ്ങുന്ന ഒരാളിനു മായാ മാത്യു മാഞ്ഞുരാന്റെ റോൾ ഐത് രൂപത്തിലാണ് നമ്മുക്കെ ഒന്നും സങ്കല്പിക്കാനേ കഴിയില്ല. അനായാസമായാണ് റിയ ആ റോൾ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകൻ്റെ പേരക്കിടാവോ മകളോ സഹോദരിയോ കാമുകിയോ ഒക്കെയായി ഏറ്റവും നൈർമല്യത്തോടെ സിനിമ മുഴുവൻ നിറഞ്ഞുനില്ക്കുകയാണ് ഡെലൂലുവെന്ന കഥാപാത്രം.

മോഡലുകൾക്കു പലപ്പോഴും അവനൻ്റെ മോഡലുകളാവാൻ കഴിയാറില്ല. പലവിധ സങ്കീർണ്ണതകളിലും കുരുങ്ങി നൊമ്പരപ്പെടുമ്പോഴും മാറ്റുള്ളവരുടെ മുന്നിൽ നിന്ന് ആടുകയും പാടുകയും ചിരിച്ചു കാണിക്കുകയും ചെയ്യേണ്ടിവരുന്നവരാണു പലപ്പോഴും മോഡലുകൾ. എന്നാൽ അത്തരം ഓർമ്മകളിൽ കുരുങ്ങിക്കിടക്കാതെ പുതിയ സ്വപ്നങ്ങൾ കണ്ടെത്തണമെന്ന സന്ദേശം നല്കുന്ന കഥാപാത്രമാണ് സാദിയ. പ്രീതി മുകുന്ദൻ ആ റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.

ജനാർദ്ദനൻ്റെ തനതു രസികത്വം വർഷങ്ങൾക്കുശേഷം അമ്മാവൻ കഥാപാത്രത്തിലൂടെ നമ്മൾ കാണുന്നത് സർവ്വം മായയിലാണ്. പ്രായം അദ്ദേഹത്തിൻ്റെ കഴിവിനെ തെല്ലും തളർത്തിയിട്ടില്ല എന്നു കാണാം. അല്പസമയം കൊണ്ടുതന്നെ വിനീതിൻ്റെ അഭിനയമികവും സിനിമയിൽ വെളിപ്പെടുന്നുണ്ട്. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പലപ്പോഴും പണമായിച്ചുരുങ്ങുന്ന കാലത്ത് രൂപേഷ് നമ്പൂതിരിയിലൂടെ നമ്മെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അജുവർഗ്ഗീസിനു കഴിഞ്ഞു.

ജസ്റ്റിൻ പ്രഭാകരൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതുതന്നെയാണ്. വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകളും നിലവാരം പുലർത്തിയിട്ടുണ്ട്. സിനിമയുടെ ഗതിവിഗതികൾ തീരുമാനിക്കുന്നതും പലപ്പോഴും സംഗീതമാണെന്നു തോന്നും.
ഗ്രാമഭംഗി ഒപ്പിയെടുക്കുന്ന ശരൺ വേലായുധൻ്റെ ഫോട്ടോഗ്രാഫിയും വളരെ മികച്ചതുതന്നെ.

കൊലപാതകങ്ങളിലും വെടിയൊച്ചകളിലും രക്തച്ചൊരിച്ചിലുകളിലും
മസിലുകളിലും ഭയപ്പെടുത്തലുകളിലും ഇന്ത്യൻ സിനിമ കുടുങ്ങിക്കിടക്കുമ്പോൾ ആ രീതി പിന്തുടരാവുന്ന ഒരു വിഷയത്തെ നമ്മുടെ വീട്ടിൽ, തൊട്ടടുത്ത് സംഭവിക്കുന്ന ഒന്നാക്കി മാറ്റിയെന്നതാണ് അഖിൽസത്യൻ്റെയും മലയാളസിനിമയുടെയും പ്രത്യേകതയും ഭംഗിയും. മുമ്പു പലരും നമ്മെ ഭയപ്പെടുത്താൻ മാത്രം ഉപയോഗിച്ചിടുള്ള ഒരു കഥ തീവ്രപ്രണയത്തിൻ്റെ മാസ്‌മരികതയാവുന്നു,സിനിമാലോകം മഴുവൻ അതു ചർച്ചചെയ്യുന്നു.ഇത്രയും വൈവിധ്യമായി, അനായാസമായി സിനിയെടുക്കാൻ മലയാളിക്കേ കഴിയൂ എന്നത് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.