ക്രിക്കറ്റ് താരം സഞ്ജു സാംസനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ജയിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ പ്രഖ്യാപിച്ചതുപോലെ നേമത്ത് മത്സരിക്കും. വി. മുരളീധരൻ- കഴക്കൂട്ടം, കെ. സുരേന്ദ്രൻ- വട്ടിയൂർക്കാവ്, പി.കെ. കൃഷ്ണദാസ്- കാട്ടാക്കട, ശോഭ സുരേന്ദ്രൻ- കായംകുളം, കുമ്മനം രാജശേഖരൻ- ആറന്മുള, ഷോണ്‍ ജോർജ്- പാലാ, അനൂപ് ആന്റണി- തിരുവല്ല തുടങ്ങിയവരുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.

തിരുവനന്തപുരം സീറ്റിൽ പരിഗണിച്ചിരുന്ന ചെങ്കൽ രാജശേഖരനേക്കാൾ ജയസാധ്യത സഞ്ജുവിന് ഉണ്ടെന്നു ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് സഞ്ജുവുമായി പ്രാരംഭ ചർച്ച നടത്തിയിട്ടുണ്ട്. പാലായിൽ ഷോണ്‍ മത്സരിക്കുന്പോൾ പൂഞ്ഞാറിൽ പി.സി. ജോർജ് വീണ്ടും മത്സരിക്കണമോയെന്നതിൽ തീരുമാനം ദേശീയ നേതൃത്വത്തിനു വിടും.

ബിഡിജെഎസിനു കഴിഞ്ഞതവണ നൽകിയ ചില സീറ്റുകൾ ബിജെപി ഏറ്റെടുക്കുകയോ വച്ചുമാറുകയോ ചെയ്യുമെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു. മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയുമായി ബിജെപി നേതൃത്വം ചർച്ച തുടരും.
