ശബരിമല സ്വർണ കൊള്ള കേസ് ;അടൂർ പ്രകാശിന്റെ മറുപടി ;താന്‍ വഴിയാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയയെ കണ്ടത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ വഴിയാണ് പോറ്റി സോണിയയെ കണ്ടതെന്നത് തെറ്റാണെന്നും, സോണിയയുടെ അപ്പോയ്ന്‍മെന്റ് ഉണ്ടെന്ന് അറിയിക്കുകയും കൂടെ ചെല്ലാമോയെന്ന് ചോദിച്ചപ്പോഴാണ് പോയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവരാണെന്ന് സംശയിക്കുന്നതായും അടൂര്‍ പ്രകാശ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്തിനായിരുന്നു സ്വർണ കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻപോറ്റിയെ സോണിയ ഗാന്ധിയുടെ അടുക്കൽ കൊണ്ട് പോയതെന്ന ചോദ്യം ബാക്കിയാവുന്നു.കടകം പിള്ളി സുരേന്ദ്രൻ പറഞ്ഞ പോലെ ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റി .

പോറ്റിയുമായുള്ള ബന്ധം പറഞ്ഞ് തന്നെ ഏതൊക്കെ തരത്തില്‍ മോശമാക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വിലപ്പോവില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാം. കേരളത്തിലെ ജനം എല്ലാകാര്യങ്ങള്‍ മനസിലാക്കുന്നവരും വിലയിരുത്തുന്നവരുമാണ്. ഇതേചൊല്ലി പാര്‍ട്ടിയില്‍ ആശങ്കയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റിയെ ആദ്യമായി കാണുന്നത് 2019ലാണ്. അന്ന് താന്‍ എംപിയായിരുന്നു. ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ചടങ്ങിനെത്താനായി അദ്ദേഹം ക്ഷണിച്ചു. അതനുസരിച്ച് അതില്‍ പങ്കെടുത്തു. അതിനുശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. അത് അദ്ദേഹത്തിന്റെ പിതാവ് മരിച്ചപ്പോഴായിരുന്നു. മരിച്ച സമയത്ത് സ്ഥലത്ത് ഇല്ലാത്തതിനാല്‍ പിന്നീടാണ് പോയത്. അദ്ദേഹം ശബരിമല കൊള്ളക്കാരനാണെന്ന് അറിഞ്ഞിട്ടല്ല പരിചയപ്പെടുന്നത് അദ്ദേഹം പറഞ്ഞു.

പിന്നീട് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിലും പോയിരുന്നു. അന്ന് തനിക്കൊപ്പം കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരും ഉണ്ടായിരുന്നു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് താന്‍ അല്ല. ഡല്‍ഹിയില്‍ വന്ന് പറഞ്ഞ് സോണിയഗാന്ധിയെ കാണാന്‍ അപ്പോയ്ന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. എംപി എന്ന നിലിയല്‍ കൂടെ വരണമെന്ന് പറഞ്ഞു. അങ്ങനെയാണ് സോണിയ ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിനൊപ്പം പോയത്. പിന്നീട് ഒരിക്കല്‍ താന്‍ ബംഗളൂരുവിലുണ്ടെന്നറിഞ്ഞ് തന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ചടങ്ങുമായി സംബന്ധിച്ച ക്ഷണക്കത്ത് തരികയും ചെയ്തു. അതിനൊപ്പം മറ്റൊരു കവര്‍ തന്നു എന്നത് സത്യമാണ്. അത് ഈന്തപ്പഴമായിരുന്നു. അത് അവിടെയുള്ളവര്‍ക്ക് തന്നെ വിതരണം ചെയ്യുകയും ചെയ്‌തെന്നും പ്രകാശ് പറഞ്ഞു.

പിന്നീട് ഒരിക്കല്‍ പോറ്റി വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് വച്ച് നല്‍കിയതിന്റെ താക്കോല്‍ ദാനത്തിനാണ് പോയത്. അന്ന് തനിക്കൊപ്പം ദേവസ്വം ബോര്‍ഡ് അംഗങ്ങളും ഉണ്ടായിരുന്നു. അതിലൊന്നും മറ്റ് എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയുള്ളതായി തോന്നിയില്ല. താന്‍ പോറ്റിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനല്ലെന്നും തന്നെ നിത്യസന്ദര്‍ശകന്‍ എന്ന് വ്യാഖാനിക്കുന്നത് മരംമുറി ചാനല്‍ മാത്രമാണെന്നും തന്നെ നിരന്തരമായി കണ്ടെന്ന് പറഞ്ഞയാള്‍ പെയ്ഡ് സാക്ഷിയാകാമെന്നും അദ്ദേഹം പറഞ്ഞു.