അയ്യപ്പ വിഗ്രഹത്തിൻ്റെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു;സ്വർണ കൊള്ളയുടെ പുതിയ തലങ്ങളിലേക്ക്

ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിൻ്റെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചുവെന്ന് പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിത് കേരളത്തെ ഞെട്ടിച്ചു .
ഇപ്രകാരം ഏഴു പാളികളിലെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു.

അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വര്‍ണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതൽ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അതിനായി അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്. പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ: പങ്കജ് ഭണ്ഡാരി ഹാജരാക്കി.109. 243 ഗ്രാം സ്വർണമാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

ഇതിനിടെ, സ്വർണക്കൊള്ള കേസില്‍ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞു. വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയാണ്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പണിയാണ് നടക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകും ഒരു ഭയവുമില്ല, സോണിയ ഗാന്ധിയെ കാണാൻ താൻ അപ്പോയിൻമെന്‍റ്എടുത്തിട്ടില്ല.

കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പോറ്റിയെ ബന്ധപ്പെട്ടത്. ശബരിമല അന്നദാനത്തിന് ക്ഷണിച്ചു. താൻ പോയി. ബാക്കി കാര്യങ്ങൾ അന്വേഷണ സംഘം വിളിപ്പിക്കുമ്പോൾ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും. എവിടെയും ഒളിച്ചോടി പോകുന്നില്ല എന്നും അടൂർ പ്രകാശ് പറഞ്ഞു.