ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നും ഈ അന്വേഷണത്തിൽ ചില സംശയങ്ങളുണ്ട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേസിലെ അന്വേഷണം അതിന്റെ ശരിയായ ദിശയിൽത്തന്നെ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകണം. അത് ആരായിരുന്നാലും. അത് മന്ത്രിയായിരുന്നാലും തന്ത്രിയായിരുന്നാലും, കുമ്മനം ചൂണ്ടിക്കാട്ടി.

ഇതിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. സിപിഎമ്മിന്റെ പല നേതാക്കൻമാരെയും എന്തുകൊണ്ട് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ എസ്‌ഐടിക്ക് കഴിയുന്നില്ല. ചില നീക്കുപോക്കുകളൊക്കെ ഇതിൽ നടന്നിട്ടുണ്ട് എന്നുള്ള സംശയം ഭക്തജനങ്ങൾക്കുണ്ട്. മുന്‍ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു, പക്ഷേ പിന്നീട് എന്തുണ്ടായി എന്ന് കുമ്മനം ചോദിച്ചു. ദേശീയ അന്തര്‍ദ്ദേശീയ മാനമുള്ള കേസായതിനാല്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണം.
