ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്‌ഐടിക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് എസ്‌ഐടി സംഘത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.വാസ്തവത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് വൈകിയോ ?വൈകിയെങ്കിലും എന്തുകൊണ്ട് ? ഇതാണ് ഇപ്പോൾ ഉയരുന്ന ചോദ്യങ്ങൾ .

2025 ഒക്ടോബർ എട്ടിനു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു.
“ശബരിമലയിലെ സ്വർണ്ണക്കൊള്ള: കണ്ഡരര് രാജീവരര് പിതൃസ്ഥാനത്ത് നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ടുനിന്നു”

തുടർന്ന് അദ്ദേഹം എഴുതിയ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ് ” സ്വർണ്ണം ചെമ്പാക്കി മാറ്റാനുള്ള ഉത്തരവിൽ ഒപ്പ് വെച്ചിരിക്കുന്ന ഏഴ് പേരിൽ ഒരാൾ ശബരിമല തന്ത്രി താഴമൺ മഠം കണ്ഡരര് രാജീവരര് ആണ്. ശബരിമല അയ്യപ്പനെ പിതൃസ്ഥാനത്ത് നിന്ന് പരിരക്ഷിക്കേണ്ട ബാദ്ധ്യത തന്ത്രിക്ക് ഉണ്ട്. 1999ൽ വിജയ് മല്യ ശ്രീകോവിലിൽ സ്വർണ്ണം പൊതിയുമ്പോഴും കണ്ടരര് രാജീവരരായിരുന്നു തന്ത്രി. എന്നിട്ടും, ശ്രീകോവിലിൽ ചെമ്പിൽ സ്വർണ്ണം പൊതിഞ്ഞതല്ല വെറും സ്വർണ്ണം പൂശിയ ചെമ്പാണ് അത് എന്ന കള്ളപ്രമാണത്തിൽ ഇദ്ദേഹം 2019ൽ ഒപ്പ് വെച്ചു. ഒരു അർത്ഥത്തിൽ പിതൃസ്ഥാനത്തു നിന്നുകൊണ്ട് പുത്രഹത്യയ്ക്ക് കൂട്ട് നിന്നു എന്നും പറയാം. അക്കാലത്തെ തിരുവാഭരണം കമ്മീഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്കുട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻ്റ് എഞ്ചിനീയർ, ദേവസ്വം സ്മിത്ത് എന്നിവരാണ് കൂട്ടുപ്രതികൾ. ഇവരെല്ലാം ഒന്നു ചേർന്നാണ് സ്വർണ്ണം ചെമ്പാക്കി മാറ്റിയത്.”

കണ്ഠര് രാജീവരെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ചില പ്രത്യേക കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് തന്ത്രിയെ വിളിച്ചു വരുത്തുന്നത്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.

ഡോ കെ എസ് രാധാകൃഷ്ണന്റെ കുറിപ്പിൽ മറ്റൊരിടത്ത് ഇങ്ങനെയാണ് പറയുന്നത്.”വിജയ് മല്യ സ്വർണ്ണം പൊതിയാൻ നടത്തിയ കത്തിടപാടുകളും സ്വർണ്ണത്തിൻ്റെയും ചെമ്പിൻ്റെയും അളവ് തൂക്കങ്ങളും മറ്റ് വിശദ വിവരങ്ങളും അടങ്ങുന്ന രേഖകൾ ദേവസ്വം ഓഫീസിൽ ലഭ്യമല്ല. കാരണം അവയെല്ലാം ഒന്നുകിൽ നശിപ്പിക്കപ്പെട്ടു അല്ലെങ്കിൽ അവയെല്ലാം അവിടെ നിന്നും മാറ്റപ്പെട്ടു. പക്ഷേ, ഇവരുടെ ശ്രദ്ധയിൽ പെടാതെ ഒരു രേഖ അവശേഷിച്ചു. അത് 4/5/1999ൽ ശ്രീകോവിലിൽ സ്വർണ്ണം പൊതിയാൻ അനുമതി നൽകിക്കൊണ്ടുള്ള ഒരു കത്താണ്. അതിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് ശ്രീകോവിൽ സ്വർണ്ണം പൂശുകയല്ല സ്വർണ്ണം പൊതിയുകയായിരുന്നു എന്ന്. ഈ രേഖയ സൗകര്യപൂർവ്വം തമസ്കരിച്ചുകൊണ്ടാണ് ഈ ഏഴംഗ സംഘം സ്വർണ്ണം പൊതിഞ്ഞ ചെമ്പ് എന്നതിനു പകരം വെറും ചെമ്പ് എന്ന് മഹസറിൽ എഴുതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് എന്ന് കോടതി കണ്ടെത്തി.”

താന്ത്രിക്ക് പിന്നാലെ എസ്ഐടി ആരെയാണ് ചോദ്യം ചെയ്യുക അല്ലെങ്കിൽ അറസ്റ്റ് ചെയ്യുക ? തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രശാന്തോ അല്ലെങ്കിൽ മറ്റാരെങ്കിലോ .കാത്തിരുന്ന് കാണാം .

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് നിഗമനം.. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്ന് സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

