സിപിഎമ്മിന്റെ ചാനൽ മുഖമായ റെജി ലൂക്കോസ് 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാകും .ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് തീരുമാനമായിട്ടില്ല.കടുത്തുരുത്തി അല്ലെങ്കിൽ ഏറ്റുമാനൂർ നിയമസഭ മണ്ഡലമായിരിക്കുമെന്നാണ് സൂചന.

റെജി ലൂക്കോസ് ക്നാനായ സമുദായ അംഗമായതിനാൽ കടുത്തുരുത്തിയിൽ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടെന്നാണ് ബിജെപിയുടെ നിഗമനം.വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.

കേരള കോൺഗ്രസിനു വലിയ സ്വാധീനമുള്ള മണ്ഡലമാണിത്.2006 ലും 2011 ലും 2016 ലും 2021 ലും നാലുവട്ടം മോൻസ് ജോസഫ് തുടർച്ചയായി ജയിക്കുകയാണ്. പിജെ ജോസഫിന്റെ വിശ്വസ്തനും മുൻ മന്ത്രിയുമാണ് മോൻസ് ജോസഫ് .2021 ൽ മോൻസ് ജോസഫ് 4 ,256 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം സ്ഥാനാർഥി സ്റ്റിഫൻ ജോർജിനെ പരാജയപ്പെടുത്തിയത്.

1970 മുതൽ കേരള കോൺഗ്രസുകാർ തമ്മിലാണ് കടുത്തുരുത്തിയിൽ ഏറ്റുമുട്ടുന്നത്.കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ 19179 വോട്ടുകളാണ് ബിജെപിക്ക് കടുത്തുരുത്തി നിയമസഭയിൽ നേടാൻ കഴിഞ്ഞത്.അതേസമയം 2021 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ 11,670 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്.അങ്ങനെ നോക്കിയാൽ 8,000 ൽ പരം വോട്ടുകൾ കടുത്തുരുത്തിൽ ബിജെപിക്ക് വർധിച്ചിട്ടുണ്ട്.ക്നാനായ സമുദായവും ഹിന്ദു വോട്ടുകളും കിട്ടിയാൽ റെജി ലൂക്കോസിനു വിജയിക്കാൻ കഴിയുമെന്ന് കണക്ക് കൂട്ടുന്നുണ്ട്.

കടുത്തുരുത്തിയിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ റെജി ലൂക്കോസിനുഏറ്റുമാനൂർ സീറ്റ് നൽകിയേക്കും.കേരള കോൺഗ്രസുകാർ മാറി മാറി ജയിച്ചു കൊണ്ടിരുന്ന ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ 2011 ലും 2016 ലും സിപിമ്മിന്റെ സുരേഷ് കുറുപ്പാണ് ജയിച്ചത് .കഴിഞ്ഞ തവണ 2021 ൽ സുരേഷ് കുറുപ്പിന് പകരം വി എൻ വാസവനാണ് സീറ്റ് കിട്ടിയത്.അദ്ദേഹം കേരളം കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസിനെ 14 ,303 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ റെജി ലൂക്കോസിന് വിജയ സാധ്യത ഇല്ല.അതിനാൽ അദ്ദേഹം കടുത്തുരുത്തിയിൽ മത്സരിക്കാനായിരിക്കും താല്പര്യപ്പെടുക.ഏറ്റുമാനൂരിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ 1 ,331 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്.ബിജെപിക്ക് ഏറ്റുമാന്നൂർ മണ്ഡലത്തിൽ ഏതാണ്ട് ഇരുപതിനായിരം വോട്ടുകൾ ഉണ്ട്.അതിനാൽ ബിജെപിയുടെ സാന്നിധ്യം കടുത്ത ത്രികോണ തെരെഞ്ഞെടുപ്പിന് ഏറ്റുമാന്നൂരിൽ വഴി തുറക്കും.

