വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍.

വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. താന്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും തന്റെ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ പ്രചാരണമെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നും സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജാതിമത വ്യത്യാസമില്ലാതെയാണ് ജനങ്ങളെ സ്നേഹിക്കുന്നത്. മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം തന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി താന്‍ മനസിലാക്കുന്നുവെന്നും താന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തന്നെ തെറ്റിദ്ധരിച്ചുവെന്നും വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.