കെപിസിസി ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനു പുരസ്‌കാരം രാഹുല്‍ ഗാന്ധി എം ലീലാവതിക്ക് സമ്മാനിച്ചു

‘ലീലാവതി ടീച്ചര്‍ കേരളത്തിന്റ മാത്രമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്ന്’ ലോക്‌സഭാ പ്രതിപക്ഷ നേതാവു രാഹുല്‍ ഗാന്ധി. കെപിസിസി ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനു പുരസ്‌കാരം രാഹുല്‍ ഗാന്ധി എം ലീലാവതിക്ക് സമ്മാനിച്ചു. ലീലാവതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം വിതരണം ചെയ്തത്.

ലീലാവതി ടീച്ചറെ ആദരിക്കാനായത് ജീവിതത്തിലെ വലിയ ബഹുമതിയായി കാണുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാന ചിഹ്നമാണ് ടീച്ചര്‍. ആദ്യമായി ഇന്ന് കണ്ടപ്പോല്‍ എന്താണ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവരുടെ ദൈനംദിന കാര്യങ്ങള്‍ പറഞ്ഞു. 98 വയസ്സുള്ള ടീച്ചറുടെ ദിനചര്യ ഇവിടെയുള്ള ആര്‍ക്കും ഉണ്ടാവില്ല. പുലര്‍ച്ച മൂന്ന് മണിക്ക് എഴുന്നേല്‍ക്കുമെന്നാണ് ടീച്ചര്‍ പറഞ്ഞത്. ആദ്യം വായനയിലേക്കും പിന്നീട് എഴുത്തിലേക്കും കടക്കും. എന്താണ് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ ലോകത്തിലെ ജാതി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചുള്ള പുസ്തകമാണ് എഴുതുന്നതെന്ന് പറഞ്ഞു. ഇത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്’ രാഹുല്‍ പറഞ്ഞു.

നിശബ്ദതയുടെ സംസ്‌കാരം രാജ്യമെങ്ങും വ്യാപിച്ചെന്നും രാഹുല്‍ പറഞ്ഞു ‘എതിര്‍ക്കേണ്ട കാര്യങ്ങളില്‍ പോലും ശബ്ദം ഉയരുന്നില്ല. ആര്‍ത്തിയുടെ രാഷ്ട്രീയമാണ് നിശബ്ദതയുടെ രാഷ്ട്രീയം. എല്ലാവര്‍ക്കും ഊര്‍ജമാണ് ലീലാവതി ടീച്ചറുടെ ജീവിതം. ഈ രാജ്യം മുഴുവന്‍ ടീച്ചറെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ടീച്ചര്‍ക്ക് നൂറ് വയസാകുന്നത് കേള്‍ക്കാന്‍ എല്ലാവരും കാത്തിരിക്കുന്നു’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. അവാര്‍ഡ് തുക രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കുമെന്നും മറുപടി പ്രസംഗത്തില്‍ ലിലാവതി ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഹൈബി ഈഡന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.