രാഹുൽ മാങ്കൂട്ടത്തിലിന്റെ കഷ്ടകാലം മാറാൻ ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും ;ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാവിനു കഷ്ടകാലമാവുമോ ?

ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും നടത്തി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ ജോർജാണ്(റിജോ വള്ളംകുളം ) രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയത്.

രാഹുലിന് മോശം സമയമാണെന്നും അത് മാറാനാണ് വഴിപാടുകളെന്നുമാണ് പ്രതികരണം. തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലാണ് രണ്ട് വഴിപാടുകൾ നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ, അശ്വതി നക്ഷത്രം എന്ന പേരിൽ ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയുമാണ് നടത്തിയത്.

പുതുപ്പള്ളി ഓർത്തഡോക്‌സ് ദേവാലയത്തിൽ രാഹുലിന്റെ പേരിൽ‌ മൂന്നിൻമേൽ കുർബാനയ്ക്കുള്ള കുർബാനപ്പണവും റിജോ അടച്ചിട്ടുണ്ട്. രാഹുലിന് സമയ ദോഷമാണെന്നും അത് മാറാൻ വേണ്ടിയുള്ള വഴിപാടുകളാണെന്നുമാണ് വിശദീകരണം. നിലവിൽ രാഹുൽ ആരോപണ വിധേയനാണ്. കോടതിയാണ് അദ്ദേഹം കുറ്റക്കാരനാണോ എന്ന് തെളിയിക്കേണ്ടത്. ഈ ഘട്ടത്തിൽ രാഹുലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ സമയ ദോഷം മാറുക എന്നുള്ള ലക്ഷ്യംവെച്ചുകൊണ്ട് വ്യക്തിപരമായ താത്പര്യത്തിലാണ് ഇത്തരത്തിൽ പൂജയും വഴിപാടുകളും ചെയ്തതെന്നാണ് റെജോ പറയുന്നത്.